കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എം പി ഫണ്ട് വകയിരുത്തിയുള്ള പ്രവൃത്തികളുടെ നിർവ്വഹണ പുരോഗതി രാഹുൽഗാന്ധി എം.പി അവലോകനം ചെയ്തു. മണ്ഡലത്തിൽ വിവിധ പ്രവർത്തനങ്ങൾക്കായി അനുവദിച്ച 1.11 കോടി രൂപയിൽ 8 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തിയായി.
പടിഞ്ഞാറത്തറ, നൂൽപ്പുഴ പഞ്ചായത്തുകളിലെ ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളുടെ നിർമ്മാണം, പുത്തുമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കോൺഫറൻസ് ഹാൾ നിർമ്മാണം, പൂമല ഗവൺമെന്റ് എൽ.പി സ്‌കൂളിലെ ക്ലാസ്സ് റൂം നിർമ്മാണ പ്രവൃത്തികൾ, കണിയാരം ടി.ടി.ഐയിൽ ടോയ്ലറ്റ് നിർമ്മാണം, കോട്ടത്തറ പഞ്ചായത്തിലെ പി.എച്ച്.സി നിർമ്മാണം തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ എം.പി നിർദേശം നൽകി.
നല്ലൂർനാട് ജില്ലാ ക്യാൻസർ സെന്ററിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ച തുക ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിലേക്ക് മാറ്റി വകയിരുത്തുകയും വാളാട് സ്‌കൂളിലേക്ക് ലാപ്‌ടോപ്പ്, കൽപ്പറ്റ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് സ്‌കൂൾ ബസ്, മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് ഡിജിറ്റൽ എക്സ്‌റേ, സി.ആർ മെഷീനുകൾ, മീനങ്ങാടി നൂൽപ്പുഴ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റുകളിലേക്ക് ജീപ്പ് തുടങ്ങിയവ ഉടൻ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കാനും അദ്ദേഹം നിർദേശിച്ചു.
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കോഴിക്കോട് മുക്കം ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പാലിയേറ്റീവ് സെന്ററാക്കി മാറ്റുന്നതിനും, മലപ്പുറം സീതി ഹാജി മെമ്മോറിയൽ ക്യാൻസർ സെന്ററിലേക്ക് പുതിയതായി ഡയാലിസിസ് യൂണിറ്റ് അനുവദിക്കുന്നതിനും തുക വകയിരുത്തി.
കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻചാർജ് സുഭദ്രാ നായർ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(ചിത്രം. എംപി ഫണ്ട് നിർവ്വഹണ പുരോഗതി രാഹുൽഗാന്ധി എം.പിയുടെ നേതൃത്വത്തിൽ നടന്ന അവലോകനം യോഗം)