മാനന്തവാടി: ഫുട്‌ബോൾ ടൂർണ്ണമെന്റ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ടീമംഗങ്ങളെ വാഹനം തടഞ്ഞ് നിർത്തി കയ്യേറ്റം ചെയ്യാൻ ശ്രമം. മാനന്തവാടി ജി വി എച്ച് എസ് എസ്സ് ഗ്രൗണ്ടിൽ നടക്കുന്ന ഉദയ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന റോയൽ ട്രാവൽസ് എഫ് സി ടീമിനെയാണ് കൽപ്പറ്റയിൽ രണ്ടിടങ്ങളിൽ വച്ച് തടഞ്ഞ് നിർത്തി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി.
വെള്ളമുണ്ടയിൽ വെച്ച് കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച ആരവം ടൂർണ്ണമെന്റിൽ ഇതേ ടീമിന്റെ നടപടികൾ ടൂർണ്ണമെന്റ് കമ്മിറ്റിക്ക് സാമ്പത്തിക നഷ്ടം വരുത്തിവെക്കുകയും ടീമിന്റെ മോശം പ്രകടനം ഫുട്‌ബോൾ പ്രേമികളുടെ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഈ ടീമിനെ ഇനി ജില്ലയിൽ കാല് കുത്താൻ അനുവദിക്കില്ലെന്ന് ടൂർണ്ണമെന്റ് കമ്മിറ്റി ഭാരവാഹികൾ പൊതുവേദിയിൽ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം ഇന്നലെ ഉദയ ടൂർണ്ണമെന്റിൽ ഫ്രണ്ട്സ് മമ്പാടും റോയൽ ട്രാവൽസും തമ്മിലുള്ള മത്സരത്തിനിടെ ഒരു സംഘം ആളുകൾ ടീമിനെ അസഭ്യം പറയുകയും സംഘർഷത്തിന് ശ്രമിക്കുകയുമായിരുന്നു. സംഭവം അന്വേഷിക്കാൻ എത്തിയ സംഘാടകരുടെ ദേഹത്തിൽ വെള്ളം ഒഴിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.
പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. മത്സരത്തിൽ റോയൽ ട്രാവൽസ് വിജയിക്കുകയും ചെയ്തു. സംഘാടകരുടെ അകമ്പടിയോടെ മടങ്ങുകയായിരുന്ന ടീമിനെ തടഞ്ഞ് നിർത്തി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ടീമംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകടമുണ്ടാക്കി നിർത്താതെ പോയെന്ന് വൈത്തിരി പൊലീസിൽ വ്യാജ പരാതി നൽകി താമരശ്ശേരി പൊലിസിനെ കൊണ്ട് വാഹനം കസ്റ്റഡിയി ലെടുപ്പിക്കുകയും ചെയ്തു.
ഉദയ സംഘാടക സമിതി ഇന്നലെ പുലർച്ചെ താമരശ്ശേരിയിലെത്തി വാഹനം മോചിപ്പിച്ചു. നല്ല രീതിയിൽ നടന്ന് കൊണ്ടിരിക്കുന്ന ടൂർണ്ണമെന്റിനിടയിൽ മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചത് ഫുട്‌ബോൾ പ്രേമികൾക്കിടയിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്.