കൽപ്പറ്റ: എവിടെയും വെറുപ്പും വിദ്വേഷവും വർഗ്ഗീയതയുമാണ് ബി.ജെ.പി ഭരണം വളർത്തികൊണ്ടുവരുന്നതെന്ന് രാഹുൽ ഗാന്ധി എം.പി. കൽപ്പറ്റയിൽ ഭരണഘടനാ സംരക്ഷണ യാത്രയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്‌ട്രേഷനും പിൻവലിക്കുന്നതിനായി കൂട്ടായ പ്രവർത്തനം വേണമെന്നും രാഹുൽ പറഞ്ഞു.

സ്വന്തം മണ്ഡലമായ വയനാട്ടിൽ വെച്ച് മോദിയുടെ നിലപാടുകൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്.
ഞാനൊരു ഇന്ത്യക്കാരനാണെന്ന് തെളിയിക്കാനുള്ള ലൈസൻസ് ആരാണ് മോദിക്ക് നൽകിയതെന്ന് ചോദിച്ചുകൊണ്ടായിരുന്നു പൗരത്വ ബില്ലിനെതിരെ രാഹുലിന്റെ പ്രസംഗം തുടങ്ങിയത്. ഇന്ത്യൻ മണ്ണിൽ ജനിച്ചുവീഴുന്ന ഓരോ പൗരനും ഇന്ത്യക്കാരനാണ്. അതിന് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട. നരേന്ദ്രമോദിയും നാഥുറാം ഗോഡ്‌സേയും ഒരേ ആശയത്തിന്റെ വക്താക്കളാണ്. നാഥുറാം ഗോഡ്‌സേയുടെ ആദർശത്തിൽ വിശ്വസിക്കുന്നില്ലെന്ന് മോദി പരസ്യമായി പറയുന്നില്ലെന്നേയുള്ളൂ.

ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും ഇന്ത്യൻ മതേതരത്വത്തെപ്പറ്റി നല്ലത് മാത്രമായിരുന്നു കേൾക്കാനുണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറി. രാജ്യത്തിന്റെ ആത്മാവായ ഭരണഘടനയെ അട്ടിമറിച്ച് ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കുകയാണ് മോദി ചെയ്തുവരുന്നത്.
രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇന്ത്യയിൽ. ചെറുപ്പക്കാർക്ക് ഇന്ത്യയിൽ തൊഴിൽ കിട്ടാതായി. യുവാക്കൾ പരീക്ഷ എഴുതുന്നതല്ലാതെ ജോലി കിട്ടുന്നില്ല. യുവജനങ്ങൾക്ക് മാതാപിതാക്കളെ സംരക്ഷിക്കാൻ കഴിയുന്നില്ല. എന്ത് പറഞ്ഞാലും പാക്കിസ്ഥാൻ എന്ന് പറയുകയാണ് മോദി.
നമ്മുടെ ഭരണഘടനയിൽ പറയുന്നത് എല്ലാവരെയും ഒന്നായി കാണാനാണ്. എന്നാൽ ഇപ്പോൾ ഇവിടെ പൗരത്വ ബില്ലിന്റെ പേരിൽ എല്ലാവരെയും ഛിന്നഭിന്നമാക്കുകയാണ്. നമ്മുടെ ഭരണ ഘടന സംരക്ഷിക്കുന്നതിനായി നമ്മുടെ മഹാരഥന്മാർ കാണിച്ചുതന്ന പാതയിലൂടെ നമുക്കും സഞ്ചരിക്കണം. ഭരണഘടന സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും രാഹുൽ തുടർന്ന് പറഞ്ഞു.
കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, പി.സി.വിഷ്ണുനാഥ്, മുൻ മന്ത്രിമാരായ ജയലക്ഷ്മി, കെ.പി.അനിൽകുമാർ, മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ്തങ്ങൾ, ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ കൺവീനർ പി.പി.എ.കരീം, കെ.കെ.അബ്രാഹം, എൻ.ഡി.അപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.