കൽപ്പറ്റ : ഭരണ ഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഇന്നലെ യു.ഡി.എഫ് നടത്തിയ മനുഷ്യഭൂപടത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ രാഹുൽഗാന്ധി എം.പി നയിച്ച ലോംഗ് മാർച്ചിൽ പങ്കെടുത്തത് ആയിരങ്ങൾ. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ പരിസരത്ത് നിന്നാരംഭിച്ച റാലി സമ്മേളന നഗറായ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
കണ്ണൂരിൽ നിന്ന് റോഡ് മാർഗ്ഗം കാലത്ത് 11 മണിക്ക് കൽപ്പറ്റയിൽ എത്തിയാണ് രാഹുൽ മാർച്ചിന് നേതൃത്വം നൽകിയത്. ദേശീയപതാകയുമേന്തി രാഹുൽ റാലിയുടെ മുൻ നിരയിൽ നിന്ന് നയിച്ചു. തുടർന്ന് മഹാത്മഗാന്ധിയുടെ ഛായചിത്രവും ഭരണഘടനയുടെ ആമുഖവും ദേശീയപാതകയുമേന്തി പ്രവർത്തകർ അണിനിരന്നു.
മാർച്ചിൽ കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി.ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, പി.സി.വിഷ്ണുനാഥ്, മുൻമന്ത്രിമാരായ ജയലക്ഷ്മി, കെ.പി.അനിൽകുമാർ, മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ്തങ്ങൾ, ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, കെ.സി.റോസക്കുട്ടി, യു.ഡി.എഫ് ജില്ലാ കൺവീനർ പി.പി.എ.കരീം, കെ.കെ.അബ്രാഹം, എൻ.ഡി.അപ്പച്ചൻ തുടങ്ങിയ നേതാക്കളും അണിചേർന്നു.
സംസ്ഥാന നേതാക്കൾക്ക് പിന്നിലായി സാംസ്‌ക്കാരിക നേതാക്കളും സേവാദൾ വൈറ്റ് ഗാർഡ് വളണ്ടിയർമാരും ,വിദ്യാർത്ഥികളും വനിതകളും യുവജനങ്ങളും പൊതുജനങ്ങളും അണിനിരന്നു. ദേശീയപാതകയുമേന്തിയാണ് എല്ലാവരും റാലിയിൽ പങ്കെടുത്തത്. റാലി കൽപ്പറ്റ പട്ടണത്തിലൂടെ നീങ്ങി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ സമാപിച്ചു.
രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ ഭരണ ഘടന സംരക്ഷണ റാലി നയിക്കുന്നതിനായി എത്തിയത് പ്രവർത്തകരിൽ വൻ ആവേശമാണ് സൃഷ്ടിച്ചത്. പൊതുസമ്മേളനം തുടങ്ങിയിട്ടും പ്രകടനത്തിന്റെ ഒഴുക്ക് സമ്മേളന നഗരിയിലേക്ക് തുടർന്നു.
ലോംഗ് മാർച്ച് യാത്രക്കാരെ പ്രയാസപ്പെടുത്തി
കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഭരണ ഘടന സംരക്ഷണ റാലിയുടെ ഭാഗമായി നടപ്പിലാക്കിയ ഗതാഗത നിയന്ത്രണം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കാലത്ത് 9.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. നിയന്ത്രണം കാരണം നിരവധി പേരാണ് ബുദ്ധിമുട്ടിലായത്.
കൽപ്പറ്റ ടൗണിലും സിവിൽ സ്റ്റേഷനിലുമുള്ള ഓഫീസുകളിൽ ജോലിചെയ്യുന്നവരും ടൗണിലെ വിവിധ സ്‌കൂളുകളിലും, മറ്റും പഠിക്കുന്നവരുമാണ് ഗതാഗത നിയന്ത്രണം കാരണം ഓഫീസുകളിലും സ്‌കൂളുകളിലും കാൽനടയായി നടന്ന് എത്തേണ്ടി വന്നത്. ഗതാഗത നിയന്ത്രണം കാരണം ബൈപാസ് റോഡിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക് ബ്ലോക്കും ഉണ്ടായതോടെ രോഗികളടക്കമുള്ളവർ മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ടി വന്നു.
കോഴിക്കോട് ഭാഗത്ത് നിന്ന് ബത്തേരി ,മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ജനമൈത്രി ജംഗ്ഷനിൽ നിന്ന് ബൈപാസ് വഴിയാണ് കടത്തിവിട്ടത്. ബത്തേരി മാനന്തവാടി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൈനാട്ടിയിൽ നിന്ന് നഗരത്തിൽ പ്രവേശിക്കാതെ ബൈപാസ് വഴി തിരിഞ്ഞുപോകണമായിരുന്നു.