കൽപ്പറ്റ: പോളിടെക്നിക് കോളേജ് ടെക്നിക്കൽ എക്സിബിഷൻ ഫെബ്രുവരി അഞ്ച് മുതൽ വയനാട്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗവ പോളിടെക്നിക് കോളേജ് മീനങ്ങാടി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സിറ്റർ (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് റിസർച്ച് സെന്റർ) എന്നിവയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 5 മുതൽ 8 വരെ 'എൻസെൻഡർ 20' എന്ന പേരിലാണ് മീനങ്ങാടി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ടെക്നിക്കൽ എക്സിബിഷൻ നടത്തുന്നത്. പുതിയ സാങ്കേതിക വിദ്യകൾ അടുത്തറിയുക, വിദ്യാർഥികൾക്ക് അവരുടെ സാങ്കേതിക പരിജ്ഞാനം പുറംലോകത്തേക്ക് എത്തിക്കുക എന്നിവ ലക്ഷ്യംവെച്ചാണ് 'ടെക്‌ഫെസ്റ്റ്' എന്ന സാങ്കേതിക കലാമേള സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന് രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ അദീല അബ്ദുള്ള നിർവഹിക്കും. സംസ്ഥാനതലത്തിലുള്ള എക്സിബിഷനിൽ നൂറോളം സ്റ്റാളുകൾ ഉണ്ടായിരിക്കും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾ സാങ്കേതിക അഭിരുചിയുള്ള സാധാരണക്കാർക്കും അവരുടെ കഴിവുകൾ പുറത്തെടുക്കാനുള്ള അവസരമുണ്ട്. സംസ്ഥാനത്തുള്ള വിവിധ വകുപ്പുകളിൽ നിന്നും ജില്ലകളിൽ നിന്നും ഒട്ടേറെ യുവ എൻജിനീയറിങ് പ്രൊഫഷണലുകളുടെ സാങ്കേതിക മികവുകൾ പ്രദർശിപ്പിക്കും. രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പ്രദർശന സമയം.
മീനങ്ങാടി ഗവൺമെന്റ് പോളിടെക്നിക് കോളേജ് സീനിയർ ലക്ചറർ വികാസ് പി എൽ, കൃഷ്ണപ്രസാദ് വി, ഉണ്ണിക്കുട്ടൻ യു, ഫൈസൽ ബത്തേരി, ഷിജി സുബ്രഹ്മണ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.