കോഴിക്കോട്: നഗരത്തിലെ തെരുവുവിളക്കുകൾ എൽ.ഇ.ഡിയാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. വെസ്റ്റ്ഹിൽ സെക്ഷനിലാണ് ആദ്യം എൽ.ഇ.ഡി തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചത്. മാർച്ച് 31ന് മുമ്പ് പ്രവ‌ൃത്തി പൂർണമായും പൂർത്തീകരുക്കമെന്നാണ് പദ്ധതി ഏറ്റെടുത്ത കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കിയോണിക്‌സ്) നഗരസഭയ്ക്ക് ഉറപ്പ് നൽകിയത്. നിലവിലുള്ള സി.എഫ്.എൽ, സോഡിയം വേപ്പർ ലാമ്പുകൾ, ഫ്ലൂറസെന്റ് വിളക്കുകൾ എന്നിവയെല്ലാം മാറ്റി സ്ഥാപിക്കുന്നുണ്ട്. വിളക്കുകൾ കേടായാൽ 48 മണിക്കൂറിനുള്ളിൽ അവ മാറ്റണം. പത്ത് വർഷത്തേക്കാണ് കിയോണിക്‌സുമായുള്ള ധാരണ. വൈദ്യുതി ചാർജ് അടച്ച് പരിപാലിക്കാനുള്ള ഉത്തരവാദിത്വവും കമ്പനിയ്ക്കാണ്. ഒഴിവാക്കുന്ന പഴയ വിളക്കുകൾ കിയോണിക്സ് ഏറ്റെടുക്കും.

സ്ഥാപിക്കുന്ന എൽ.ഇ.ഡി വിളക്കുകൾ - 36000

ഇതുവരെ സ്ഥാപിച്ചത് - 1750

പദ്ധതി ചിലവ് - 57 കോടി രൂപ

കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം

നഗരത്തിലെ വിവിധ പ്രദേശങ്ങളിലും തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ബഹളം വെച്ചു. കെ.ടി. ബീരാൻകോയയുടെ ശ്രദ്ധക്ഷണിക്കൽ മേയർ അനുവദിക്കാതിരുന്നതോടെ യു.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ചു. എന്നാൽ ഒരു തവണ ശ്രദ്ധക്ഷണിച്ച വിഷയം മൂന്ന് മാസത്തിനുള്ല വീണ്ടും അനുവദിക്കാനാകില്ലെന്ന് മേയർ തോട്ടത്തിൽ പറഞ്ഞു. നവംബർ 27ന് ഈ വിഷയത്തിൽ ശ്രദ്ധക്ഷണിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇത് വ്യക്തമാക്കിയിരുന്നെങ്കിലും ബഹളം വെയ്ക്കാൻ ലക്ഷ്യമിട്ടാണ് പ്രതിപക്ഷം വന്നതെന്നും മേയർ പറഞ്ഞു.

സാങ്കേതിക പ്രശ്നം പരിഹരിച്ചു, ഇനി മുന്നോട്ട്

പദ്ധതി അൽപം വൈകാൻ കാരണം സാങ്കേതിക പ്രശ്നമാണെന്ന് നഗരസഭ വിശദീകരിച്ചു. പവറിൽ മാറ്റം ഉണ്ടാകുന്നത് കൊണ്ട് ഇത് പരിഹരിക്കാൻ സർജ് പ്രൊട്ടക്റ്റർ എന്ന ഉപകരണം കൂടി ഘടിപ്പിക്കുന്നുണ്ട്. ഇനി വളരെ പെട്ടന്ന് പ്രവൃത്തി പൂർത്തിയാക്കാൻ സാധിക്കുമെന്ന് നഗരസഭ അറിയിച്ചു. നഗരത്തിലെ മൊത്തം തെരുവ് വിളക്കുകൾ എൽ.ഇ.ഡി ആക്കി വലിയൊരു മാറ്റത്തിനാണ് കോഴിക്കോട് നഗരസഭയിൽ തുടക്കം കുറിച്ചതെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

താൽക്കാലികമായി തെരുവ് വിളക്കുകൾ സ്ഥാപിച്ചാൽ അത് കോർപ്പറേഷന് വലിയ ബാദ്ധ്യതയാകും.

കത്താത്ത തെരുവുവിളക്കുകൾ 48 മണിക്കൂറിനകം ശരിയാക്കിയില്ലെങ്കിൽ പിഴ ഈടാക്കുന്നതുൾപ്പെടെ കർശന വ്യവസ്ഥകകളുള്ലതാണ് കരാറെന്ന് മേയർ പറഞ്ഞു.