മാനന്തവാടി: പട്ടയം ലഭിക്കാൻ തഹസിൽദാരുടെ മുറിയിൽ അതിക്രമിച്ചു കയറി തഹസിൽദാരെ ബന്ദിയാക്കി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് വധിക്കാൻ ശ്രമിക്കുകയും തടങ്കലിൽ വെക്കുകയും കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ കോടതി മൂന്ന് പ്രതികളെ ഒരു വർഷത്തേക്ക് നല്ലനടപ്പിനും മൂന്ന് പ്രതികളെ വെറുതെ വിടുകയും ചെയ്തു.മാനന്തവാടിയിലെ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

2017 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. തവിഞ്ഞാൽ പഞ്ചായത്തിലെ തവിഞ്ഞാൽ വില്ലേജിൽപ്പെട്ട മക്കിമലയിലെ സർവ്വേ നമ്പർ 68/1 ബി,90/1 എന്ന സ്ഥലത്തെ കൈവശഭൂമിക്ക് പട്ടയം ലഭിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി.(ലെനിനിസ്റ്റ്) പാർട്ടിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തിയിരുന്നു. സമരങ്ങൾക്ക് ഫലം കാണാതെ വന്നപ്പോൾ 2017 ഫെബ്രുവരി 22 ന് മാനന്തവാടി തഹസിൽദാർ എൻ.ഐ.ഷാജുവിന്റെ ക്യാബിനിൽ കയറി കേസിലെ പ്രതികളായ വാവച്ചൻ തെക്കെ ചെരുവിൽ, മേഴ്സി വെളിയത്ത്, അന്നു ജോസ് എന്നിവർ സ്വന്തം ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും തഹസിൽദാരെ വധിക്കാൻ ശ്രമിക്കുകയും ക്യാബിനിൽ അതിക്രമിച്ചു കയറി തഹസിൽദാരെ ബന്ദിയാക്കി ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്നുമായിരുന്നു കേസ്.

വധശ്രമ കേസിൽ മൂവരെയും വെറുതെ വിടുകയും മറ്റ് രണ്ട് കേസുകളിൽ മൂവരെയും ഒരു വർഷത്തെ നല്ലനടപ്പിന് വിടുകയുമാണ് ചെയ്തത്.

കേസിലെ മറ്റ് പ്രതികളായ ആർ.എസ്.പി. പ്രവർത്തകരായ ബെന്നി ചെറിയാൻ, പി.ജെ.ടോമി, ബിജു കാട്ടകൊല്ലി എന്നിവരെ വെറുതെ വിട്ടു കൊണ്ടാണ് സ്‌പെഷൽ ജഡ്ജ് പി. സെയ്തലവി വിധി പ്രസ്താവിച്ചത്.

കേസിൽ 36 സാക്ഷികളെയും 38 രേഖകളും പരിശോധിച്ചു. പ്രതികൾക്കായി ബിജി മാത്യു ഹാജരായി. കേസിൽ അപ്പീൽ നൽകുമെന്ന് സ്‌പെഷൽ പബ്ളിക്ക് പ്രോസിക്യൂട്ടർ അഡ്വ.ജോഷി മുണ്ടയ്ക്കൽ പറഞ്ഞു.