കോഴിക്കോട്: കെട്ടിട നികുതി പിരിവുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ആശങ്ക അറിയിച്ച് കൗൺസിലർമാർ. എന്നാൽ 2000 ചതുരശ്ര അടിയിൽ കുറവുള്ള വീടുകൾക്ക് നികുതി വ‌ർദ്ധിപ്പിച്ചിട്ടില്ലെന്നും 660 ചതുരശ്ര അടി വരെയുള്ള വീടുകളെ നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ടെന്നും മേയർ ആവർത്തിച്ചു.

നികുതിയുടെ പിഴ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷത്തെ നിഷയും വളരെ ചെറിയ വീടുകൾക്ക് പോലും വലിയ നികുതിയാണ് ഈടാക്കുന്നതെന്ന് യു.ഡി.എഫിലെ വി. കുഞ്ഞാമുട്ടിയും ശ്രദ്ധക്ഷണിച്ചു. തീവെട്ടികൊള്ളയാണ് നടക്കുന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും വി. കുഞ്ഞാമുട്ടി ആരോപിച്ചു. എന്നാൽ ഹെൽപ് ഡെസ്ക്കുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും എന്നിട്ടും വ്യക്തത വരുന്നില്ലെങ്കിൽ തന്നെ നേരിട്ട് കാണാമെന്നും മേയർ പറഞ്ഞു. നമ്പർ ഇടൽ പ്രവൃത്തി പെട്ടന്ന് പൂർത്തിയാക്കണമെന്ന് സി.കെ. സീനത്ത് ആവശ്യപ്പെട്ടു.

ബില്ല് പാസാവാത്തതിനാൽ കോർപ്പറേഷന്റെ പ്രവൃത്തി എടുത്ത കരാറുകാർ പ്രതിസന്ധിയിലാണെന്നും ഇത് പ്രവൃത്തകൾ നിലയ്ക്കാൻ കാരണമാകുമെന്നും ബി.ജെ.പി കൗൺസിലർ പാർട്ടി ലീഡർ നമ്പിടി നാരായണൻ ശ്രദ്ധക്ഷണിച്ചു. കോർപ്പറേഷന് മുന്നിലെ നടപ്പാതയിലും വിശ്രമ കേന്ദ്രത്തിലും പൊതുപരിപാടികൾ നടത്തുന്നതുമായി ബന്ധപ്പട്ട് ചർച്ച ചെയ്യണമെന്ന് പി. കിഷൻ ചന്ദ് ശ്രദ്ധക്ഷണിച്ചു.

ജാമിയ മിലിയയിൽ ഉണ്ടായ വെടിവെപ്പിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ അടിയന്തര പ്രമേയം പാസാക്കി. നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.സി അനിൽ കുമാർ അവതരിപ്പിച്ച പ്രമേയത്തെ ഭരണപക്ഷവും യു.ഡി.എഫും പിന്തുണച്ചു. എന്നാൽ വെടിവെപ്പ് നടത്തിയ പ്രതിയ്ക്ക് ബി.ജെ.പിയുമായി ബന്ധമില്ലെന്നും ഇത്തരത്തിലുള്ള പരാമർശം അംഗീകരിക്കാൻ ആകില്ലെന്നും ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നമ്പിടി നാരായണൻ പറഞ്ഞു. ബി.ജെ.പിയുടെ എതിർപ്പോടെ 6 നെതിരെ 61 വോട്ടുകൾക്ക് അടിയന്തര പ്രമേയം പാസാക്കി. എം. രാധാകൃഷ്ണൻ, സി. അബ്ദുറഹിമാൻ, കെ.വി. ബാബുരാജ്, വിദ്യാബാലകൃഷ്ണൻ, മുഹമ്മദ് ഷമീൽ, ഇ. പ്രശന്ത്കുമാർ, പി.എം. നിയാസ് എന്നിവർ സംസാരിച്ചു.

ഇ- ഓട്ടോകൾക്ക് പെർമിറ്റ് നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന കെ. നജ്മ അവതരിപ്പിച്ച പ്രമേയവും കേന്ദ്രസർക്കാർ സംസ്ഥാനത്തിന് ജി.എസ്.ടി വിഹിതം നൽകണമെന്ന് ആവശ്യപ്പെട്ട് ഷെറിമ വിജയൻ അവതരിപ്പിച്ച പ്രമേയവും കൗൺസിൽ പാസാക്കി.