കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് അനുവദിച്ച അക്കാദമിക ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിർവ്വഹിക്കും. സർക്കാർ അനുവദിച്ച അഞ്ച് കോടി രൂപയും ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപയും പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച 3.62 ലക്ഷം രൂപയും ഉൾപ്പെടെ 5,83,62,000 രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടർ അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുക്കും.

കണിയാമ്പറ്റ യു.പി സ്‌കൂൾ അക്കാദമിക ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ച 4,85,000 രൂപയും ചെലവഴിച്ചാണ് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
കോട്ടത്തറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം രാവിലെ 11 ന് മന്ത്രി നിർവ്വഹിക്കും. ചടങ്ങിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

ഉച്ചയ്ക്ക് 12 ന് വെള്ളമുണ്ട എട്ടേനാൽ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വെള്ളമുണ്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തിലും മന്ത്രി പങ്കെടുക്കും. ചടങ്ങിൽ വിരമിക്കുന്ന അദ്ധ്യാപകർക്കുളള ഉപഹാര സമർപ്പണവും സ്റ്റേജ് കം പവലിയന്റെ ശിലാസ്ഥാപനവും മന്ത്രി നിർവ്വഹിക്കും. ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

(ചിത്രം)

മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അക്കാദമിക ബ്ലോക്കിനായി നിർമ്മിച്ച പുതിയ കെട്ടിടം.