മാനന്തവാടി: സ്വകാര്യ ബസ്സ് ഉടമ കോടതിയെ സമീപിച്ച് നേടിയ വിധിയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ച കല്ലോടി പുതുശ്ശേരി വളവ് കെ എസ് ആർ ടി സി സർവ്വീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ അനിശ്ചിതത്വത്തിലായതോടെ പ്രദേശത്ത് യാത്രാക്ലേശം രൂഷമായി തുടരുന്നു.
1600 ഓളം വിദ്യാർത്ഥി കൺസഷൻ കാർഡ് ഉൾപ്പെടെ നിരവധി ആളുകളുടെ ആശ്രയമായ ഈ റൂട്ടിൽ 72 ട്രിപ്പുകളാണ് സർവ്വീസ് നടത്തിയിരുന്നത്. കോടതി വിധിയെ തുടർന്ന് ആർ ടി എ പെർമിറ്റില്ലാത്ത മൂന്ന് ബസ്സുകൾ സർവ്വീസ് റദ്ദാക്കിയതോടെയാണ് ജനങ്ങൾ ദുരിതത്തിലായത്. ഇതിനെ തുടർന്ന് ഈ മാസം 17 ന് കല്ലോടിയിൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വകാര്യ ബസ്സ് തടയുഞ്ഞു. പ്രശ്നപരിഹാരത്തിനായി മാനന്തവാടി സി ഐ വിളിച്ച് ചേർത്ത യോഗത്തിൽ മോട്ടോർ വാഹന വകുപ്പ് താത്ക്കാലിക പെർമിറ്റ് അനുവദിക്കാമെന്നും കെ എസ് ആർ ടി സി കൂടുതൽ സർവ്വീസുകൾ ആരംഭിക്കാമെന്നും അധികൃതർ ഉറപ്പ് നൽകുകയും ചെയ്തിരുന്നുവെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും സർവീസുകൾ പുനരാരംഭിച്ചില്ല.
ഇതുവഴി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സ് അമിതമായി യാത്രക്കാരെ കയറ്റാൻ നിർബന്ധിതരാകുന്നതിനാൽ പലപ്പോഴും കേടുപാടുകൾ വന്ന്സർവ്വീസുകൾ റദ്ദാക്കപ്പെടുകയാണ്. ഒരു കെ എസ് ആർ ടി സി ബസ്സ് മാത്രമാണ് പ്രധാനമായും ഇതിലൂടെ സർവ്വീസ് നടത്തുന്നത്. ഇത് തിരക്കേറിയ സമയമല്ലാത്തതിനാൽ തന്നെ വിദ്യാർത്ഥികൾക്കോ മറ്റു ജീവനക്കാർക്കോ യാതൊരു പ്രയോജനവും ലഭിക്കുന്നുമില്ല.
അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് ബസ്സ് സർവ്വീസ് പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്താൻ തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.