കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്‌ക്കിടെ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ അതിരമ്പുഴ പാറോലിയ്ക്കൽ പടിഞ്ഞാറ്റുംഭാഗം കരയിൽ കൈതമലതാഴെ വീട്ടിൽ ഫൈസൽ ബഷീർ (24)നെയാണ് ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്‌തത്. നട്ടാശേരി മാടപ്പള്ളി ശശികുമാർ (52), നട്ടാശേരി അശോകഭവനിൽ അശോകൻ (47) എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഫൈസൽ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, ഷാഡോ എസ്.ഐ വി.എസ് ഷിബുക്കുട്ടൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ് ഖന്ന എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കഞ്ചാവ് കച്ചവടവും, ഗുണ്ടാ ആക്രമണവും മാല മോഷണവും അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഫൈസൽ. ഗാന്ധിനഗർ, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്, കടുത്തുരുത്തി പൊലീസ് സ്റ്റേഷനുകളിൽ ഫൈസലിനെതിരെ കേസുണ്ട്. കേസിൽ നേരത്തെ പിടിയിലായ പാറമ്പുഴ ലക്ഷംവീട് കോളനിയിൽ മഹേഷ് (23), പാറമ്പുഴ അത്യാർകുളം അനന്തു (സുധി -22), ചവിട്ടുവരി ഒറ്റപ്ലാക്കൽ ശ്രീദേവ് (18) എന്നിവർ റിമാൻഡിലാണ്.