ചങ്ങനശേരി: മഴയായാലും വെയിലായാലും കുറിച്ചി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരത്തുംമൂട് വില്ലേജ് റോഡിന്റെ സ്ഥിതി ദയനീയമാണ്. ഒരു ചെറിയ മഴ പെയ്താൽ പോലും റോഡ് കുളമാകും. വേനലായാൽ പൊടി ശല്യം കാരണം പ്രദേശവാസികൾക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയില്ല. ശങ്കരപുരം റെയിൽവേ മേൽപ്പാലം നിർമ്മാണം രണ്ടു വർഷമായി ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിൽ കുറിച്ചി വില്ലേജിലേക്കും ഹോമിയോ റിസേർച്ച് സെന്ററിലേക്കും മറ്റും പോകാനായി ഉപയോഗിക്കുന്ന ഏകവഴിയാണിത്. പഞ്ചായത്ത് പതിനാറാം വാർഡിൽ ഉൾപ്പെട്ടതാണ് റോഡ്. ഇത്തിത്താനത്തിന്റെ കിഴക്ക് ഭാഗത്തുള്ളവർ എം.സി. റോഡിലേക്കെത്താൻ ഈ റോഡാണ് ഉപയോഗിക്കുന്നത്. എല്ലാ ഗ്രാമസഭകളിലും പ്രശ്നം ഉന്നയിക്കാറുണ്ടെങ്കിലും ഇപ്പോ ശരിയാക്കിത്തരാം എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.