കോട്ടയം: കഞ്ഞിക്കുഴിയിൽ പുതുക്കിപ്പണിത റെയിൽവേ മേൽപ്പാലം ഗതാഗതാത്തിന് തുറന്നതോടെ അക്ഷരനഗരിയുടെ പുതുവർഷപ്പിറവി ചരിത്രത്തിന്റെ ഭാഗമായി.
എം.പി.മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പുതിയപാലത്തിലൂടെ ഗതാഗതം ആരംഭിച്ചത്. 2018 ൽ നിർമ്മാണം തുടങ്ങിയ പാലം ഒരു വർഷം കൊണ്ടാണ് പൂർത്തിയായത്. എറണാകുളം -കായംകുളം പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായാണ് കഞ്ഞിക്കുഴിയിലെ മേൽപ്പാലവും പൊളിച്ചു പണിതത്. അൻപത് മീറ്ററാണ് പാലത്തിന്റെ നീളം. 13.5 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്. പാലത്തിന്റെ അടിത്തറയിൽ 24 ഗർഡറുകളും മുകളിൽ ആറു ഗർഡറുകളുമാണ് ഉറപ്പിച്ചിരിക്കുന്നത്. കെ.കെ. റോഡിൽ ഗതാഗതം മുടങ്ങാതിരിക്കാൻ പ്ലാന്റേഷൻ കോർപ്പറേഷൻ വക സ്ഥലത്ത് കൂടി പുതിയ റോഡ് നിർമിച്ചശേഷമാണ് പഴയപാലം പൊളിച്ചത്. പുതിയപാലം നാളെ തുറന്നതുകൊണ്ട് താൽക്കാലികമായി നിർമിച്ച റോഡ് അടയ്ക്കുകയും ചെയ്തു. ഈ റോഡ് പിന്നീട് പൊളിച്ചു മാറ്റും. ഇതിനൊപ്പം പാലത്തിന് താഴെയുള്ള തുരങ്കവും പൊളിച്ചു നീക്കിയാകും റെയിൽപ്പാത ഇരട്ടിപ്പ് നടക്കുക.