കോട്ടയം: എന്തായിത്തീരും പ്ലാസ്റ്റിക്ക് നിരോധാനം? വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പരസ്പരം ചോദിക്കുന്ന കാര്യമാണിത്. പകരം സംവിധാനം തന്നെയാണ് പ്രശ്നം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും വ്യാപാരികളിൽ നിന്നുള്ള മുറുമുറുപ്പ് ശക്തമാകുകയാണ്. പുതുവർഷം മുതലാണ് പ്ളാസ്റ്റിക് നിരോധനം നിലവിൽവന്നത്. എന്നാൽ പകരം സംവിധാനമായ തുണിസഞ്ചികളും പേപ്പർ കാരിബാഗുകളും കടകളിൽ ലഭ്യമായിട്ടില്ല. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ അധികൃതർ നടത്തിയിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുളള തുണി, ചണം, പേപ്പർ ബാഗുകൾ ഉപയോഗിക്കാനാണ് സർക്കാർ നൽകിയിട്ടുളള നിർദ്ദേശം. എന്നാൽ തുണി, പേപ്പർ ബാഗിനായി പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ഭൂരിഭാഗവും കുടുംബശ്രീ അധികൃതരെ സമീപിച്ചിട്ടില്ല. തുണി, പേപ്പർ ബാഗുകൾ എത്ര വേണ്ടിവരുമെന്ന് പോലും അധികൃതർക്ക് ഒരു നിശ്ചയമില്ല. ഒരു പഞ്ചായത്തിൽ ആകെ എത്ര കടകളുണ്ടെന്ന് കണക്കെടുക്കണം. ഇൗ വിവരം അതത് പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകളെ അറിയിക്കുകയും വേണം. തുണി സഞ്ചി നിർമ്മാണം ഒറ്റദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന കാര്യമല്ല. നേരത്തേ ഒാർഡറുകൾ ലഭിച്ചെങ്കിൽ മാത്രമേ വലിയ തോതിൽ ബാഗ് നിർമ്മാണം നടത്താനാകൂമെന്ന് കുടുംബശ്രീ അധികൃതർ പറയുന്നു. ചുരുക്കത്തിൽ, യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് സർക്കാർ ഈ നിരോധനം ഏർപ്പെടുത്തിയതെന്ന് വ്യക്തം.

 പ്ളാസ്റ്റിക് ഉപയോഗം നിരോധിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുക മാത്രമാണ് ചെയ്തിട്ടുളളത്. പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.

 പ്ളാസ്റ്റിക് ഉപയാേഗിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയാൽ പിഴ ഇൗടാക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. പ്ളാസ്റ്റിക് നിരോധിച്ചു കൊണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ ഇന്നലെ മൈക്ക് അനൗൺസ്മെന്റ് നടത്തുകയും ചെയ്തു.

 പിഴയിട്ടാൽ കട അടച്ചിടുമെന്ന് വ്യാപാരി പ്രതിനിധികൾ പറയുന്നു. നിലവിൽ പല കടകളിലും പ്ളാസ്റ്റിക്കിൽ പാക്ക് ചെയ്ത സാധാനങ്ങൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. വൻകിട കമ്പനികളുടെ ഉൽപ്പന്നങ്ങളാണ് ഇതിൽ അധികവും. പ്ളാസ്റ്റിക് നിരോധിക്കുന്നതായി ഇത്തരം കമ്പനികൾക്കാണ് ആദ്യം നോട്ടീസ് കൊടുക്കേണ്ടതെന്നാണ് ചെറുകിട വിൽപ്പനക്കാർ പറയുന്നത്.

പാഴ്സൽ കൈപൊള്ളിക്കും

പ്ലാസ്റ്റിക്ക് നിരോധനം ഹോട്ടൽ വ്യവസായത്തെയും പ്രതികൂലമായി ബാധിക്കും. പാഴ്സൽ സംവിധാനമാണ് താളംതെറ്റുക. പ്ലാസ്റ്റിക് പേപ്പറുകളിലാണ് ഇതുവരെ ഭക്ഷണം പൊതിഞ്ഞ് നൽകിയിരുന്നത്. നിരോധനം നിലവിൽവന്നതോടെ ഇനി ഇതിന് കഴിയില്ല. പകരം സംവിധാനം ഒരുക്കുമ്പോൾ ഹോട്ടലുകൾക്ക് പണച്ചെലവും ഏറും. ഈ സാഹചര്യത്തിൽ പാഴ്സൽ സർവീസായി ഉപഭോക്താവിൽ നിന്ന് കൂടുതൽ പണം ഈടാക്കാനും വ്യാപാരികൾ നിർബന്ധിതരാകും.