കോട്ടയം: നാട്ടകം സിമന്റ് കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടൽ ആന്റ് ബേക്കറിയും മുൻവശത്ത് പാർക്ക് ചെയ്തിരുന്ന കാറും തല്ലിത്തകർത്തു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. രണ്ടംഗ സംഘമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് ഹോട്ടലിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി യിൽ തെളിഞ്ഞിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു ഇവരെന്ന് അറിയുന്നു. ന്യുഇയർ 'ആഘോഷിച്ച'ശേഷം തിരിച്ചുവരവെയാണ് ഇവർ ഹോട്ടലിന് നേരെ തിരിഞ്ഞത്. കൈകൊണ്ട് ഗ്ലാസ് അടിച്ചുപൊട്ടിക്കുന്നത് സി.സി.ടി.വിയിലെ ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അടിച്ചുപൊട്ടിച്ച ആളുടെ കൈ മുറിഞ്ഞിട്ടുണ്ട്. രക്തതുള്ളികൾ അവിടെയാകെ വീണിട്ടുണ്ട്. ആക്രമികളുടെ മുഖം സി.സി.ടി.വിയിൽ വ്യക്തമായിട്ടുണ്ട്. ഹോട്ടൽ ഉടമ ദീപു ചിങ്ങവനം പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.