പെരുന്ന: മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്തും ദേവസ്വം നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പാക്കാത്തതിൽ പ്രതിഷേധം അറിയിച്ചും എൻ.എസ്.എസ്. മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്നീ പ്രഖ്യാപിത നയങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ മുൻനിലപാട് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ സംഘടനാ പ്രവർത്തനം വിശദീകരിച്ചുകൊണ്ട് അദ്ദേഹം ആവർത്തിച്ചു.
'' മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം നടപ്പാക്കുകയെന്ന ആവശ്യം ഇപ്പോൾ അംഗീകരിക്കപ്പെട്ടത് സ്വാഗതാർഹമാണ്. എൻ.എസ്.എസ് ആവശ്യപ്പെട്ട മാനദണ്ഡങ്ങൾ അംഗീകരിച്ചതിൽ സന്തോഷമുണ്ട്. വൈകിയാണെങ്കിലും നല്ലത് ചെയ്താൽ നല്ലതെന്ന് പറയണമല്ലോ? അതേസമയം ദേവസ്വം നിയമനങ്ങളിൽ സർക്കാർ മറ്റൊരു നിലപാടാണ് സ്വീകരിക്കുന്നത്. സാമ്പത്തിക സംവരണ വിഷയത്തിൽ രണ്ടംഗ കമ്മിഷന്റെ ശുപാർശ അംഗീകരിച്ചപ്പോൾ അതിലൊരു അംഗമായ എം. രാജഗോപാലൻ നായരാണ് ദേവസ്വങ്ങളിൽ നിയമനം നടത്തേണ്ട ബോർഡിന്റെ ചെയർമാൻ. എന്നാൽ ദേവസ്വം നിയമനങ്ങളിൽ സംവരണത്തിന് പിന്നാക്കാവസ്ഥയ്ക്കുള്ള മാനദണ്ഡ പ്രകാരം ഈ വിഭാഗത്തിൽ നിന്ന് ഒരാൾക്കും ജോലി കിട്ടില്ല. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവരണത്തിൽ ഒരു നിലപാടും ദേവസ്വം നിയമനങ്ങളിലേക്കുള്ള സംവരണത്തിൽ മറ്റൊരു നിലപാടും സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്. അതിൽ പ്രതിഷേധമുണ്ട്. ഈ വിഷയത്തിലെ കുരുക്ക് അഴിക്കാൻ എല്ലാ നടപടിയും സ്വീകരിക്കും.
ഒരിക്കൽ സംവരണം ലഭിച്ച വിഭാഗങ്ങൾക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ വീണ്ടും സംവരണം നൽകാനുള്ള നീക്കത്തിനെതിരെ ഏതറ്റംവരെയും പോകും. പൗരത്വ നിയമഭേദഗതി വിഷയത്തിൽ പ്രത്യേകമായി ഒന്നും പറയാനില്ല. സകല സമുദായങ്ങളും പരസ്പരം സഹകരിക്കുന്ന കേരളമാണ് മന്നത്തിന്റെ സ്വപ്നം, അതുതന്നെയാണ് ഓരോ നായരുടെയും സ്വപ്നം''- അദ്ദേഹം പറഞ്ഞു.
സാമൂഹ്യ നീതിക്ക് എതിരായവരോട് ശരിദൂരം
പെരുന്ന: ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ നീതി പുലർത്തിയില്ല. സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ ദ്രോഹിച്ചു. ഇപ്പോൾ അയ്യപ്പ കൃപകൊണ്ടാണ് രക്ഷപ്പെട്ടത്. സാമൂഹ്യനീതിക്കുള്ള നിലപാടെടുക്കുമ്പോൾ ഇങ്ങനെയൊക്കെ കാണിക്കുന്നവരോട് ശരിദൂരം പാലിക്കും. എല്ലാവരോടും സമദൂരമാണെങ്കിലും അതിലെ ശരിദൂരം എങ്ങനെ പ്രയോഗിക്കുമെന്നതാണ് വിഷയം. സ്വന്തംകാര്യത്തിന് വേണ്ടിയല്ല ശരിദൂരം കണ്ടെത്തിയത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആഭ്യന്തര വിഷയത്തിൽ ഇടപെടില്ല. എൻ.എസ്.എസിന്റെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്താൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.