കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലും ചങ്ങനാശേരി നഗരസഭയിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും ജോസ് വിഭാഗത്തിനെതിരെ അവിശ്വാസനീക്കവുമായി ജോസഫ് വിഭാഗം .

യു.ഡി.എഫ് ധാരണ അനുസരിച്ച് ലഭിച്ച സ്ഥാനങ്ങൾ കാലാവധി കഴിഞ്ഞിട്ടും ജോസ് വിഭാഗം രാജിവയ്ക്കാത്തതിനാലാണ് അവിശ്വാസം.കൊണ്ടു വരുന്നതെന്ന് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ അറിയിച്ചു.

യു.ഡി.എഫ് ധാരണ പ്രകാരം ഡിസംബർ 31ന് ചങ്ങനാശേരി നഗരസഭാ ചെയർമാൻ സ്ഥാനം ലാലിച്ചൻ കുന്നിപറമ്പിൽ രാജിവയ്ക്കുമെന്ന് ജോസ് കെ. മാണി വാർത്താ സമ്മേളനത്തിൽ അറിയിച്ചുവെങ്കിലും രാജി വച്ചില്ല . ജോസഫ് പക്ഷത്തുള്ള സാജൻ ഫ്രാൻസിന് അവാസാന ടേം ചെയർമാൻ സ്ഥാനം നൽകാൻ യു.ഡി.എഫ് ധാരണ ഉണ്ടെന്നാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ് അറിയിച്ചത്. ഇടതു പിന്തുണയോടെ ചെയർമാൻ സ്ഥാനം നിലനിറുത്താൻ ജോസ് വിഭാഗം ശ്രമിക്കുകയാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം. ജനാധിപത്യ കേരളാകോൺഗ്രസിൽ ചേർന്ന് ഇടതു പിന്തുണയോടെ ചെയർമാൻ സ്ഥാനത്തു തുടരാൻ നീക്കമെന്ന പ്രചാരണവും ശക്തമാണ്.

അവസാന ആറ് മാസം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് പക്ഷത്തുള്ള അജിത് മുതിരമലയ്ക്കു നൽകാമെന്ന യു.ഡി.എഫ് ധാരണ അനുസരിച്ച് മുതിരമല വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിട്ടും ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ തയ്യാറായിട്ടില്ല.

യു.ഡി.എഫ് ധാരണ അനുസരിച്ച് ഏറ്റുമാനൂർ നഗരസഭയിലും, രാമപുരം , കരൂർ പഞ്ചായത്തുകളിലും കോൺഗ്രസിന് വേണ്ടി മാറാതെ ജോസ് വിഭാഗം വിവിധ സ്ഥാനങ്ങളിൽ തുടരുന്നതിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് നേതൃത്വം.