വൈക്കം : താലൂക്ക് ഗവ. ആശുപത്രിയിൽ ജില്ലാ പൊലീസ് മേധാവി അനുവദിച്ച പൊലീസ് എയ്ഡ് പോസ്റ്റ് നഗരസഭാ ചെയർമാൻ പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി വളപ്പിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും അനിഷ്ടസംഭവങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ നഗരസഭാ കൗൺസിൽ ജില്ലാ പോലീസ് മേധാവിക്ക് കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ക്യഷ്വാലിറ്റി വിഭാഗത്തിൽ പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന എയ്ഡ് പോസ്റ്റിലേക്ക് രണ്ട് കോൺസ്റ്റബിൾമാരെ നിയമിച്ചിട്ടുണ്ട്. സമ്മേളനത്തിൽ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു വി. കണ്ണേഴൻ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് അനിത ബാബു, ആർ. എം. ഒ. എസ്. കെ. ഷീബ, ഡോ. പി.വിനോദ്, അക്കരപ്പാടം ശശി, എം. അബു, നഗരസഭാ വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി, കൗൺസിലർമാരായ എൻ.അനിൽ ബിശ്വാസ്, ജി. ശ്രീകുമാരൻ നായർ, കെ. ആർ. രാജേഷ്, നിർമ്മല ഗോപി, എം. ടി. അനിൽകുമാർ, കെ. ആർ. സംഗീത, എസ്. ഐ. ടി. ആർ.മോഹനൻ എന്നിവർ പങ്കെടുത്തു.