വൈക്കം : ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വൈക്കം നഗരസഭാ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നാനാത്വത്തിൽ ഏകത്വമെന്ന രാജ്യത്തിന്റെ മുഖമുദ്റയിൽ കാവി പുതപ്പിക്കാൻ ശ്രമിക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരായ പോരാട്ടങ്ങൾക്ക് കൗൺസിൽ യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ചുള്ള പ്രമേയം കൗൺസിലർ അഡ്വ. അംബരീഷ് ജി.വാസു, പ്രതിപക്ഷനേതാവ് എം.ടി അനിൽകുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിച്ചത്. വൈസ് ചെയർപേഴ്‌സൺ, എസ്.ഇന്ദിരാദേവി, സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻമാരായ ആർ.സന്തോഷ്, ബിജു കണ്ണേഴത്ത്, ജി.ശ്രീകുമാരൻ നായർ, രോഹിണിക്കുട്ടി അയ്യപ്പൻ, കൗൺസിലർമാരായ ഡി.രഞ്ജിത്കുമാർ, എൻ.അനിൽ ബിശ്വാസ്, എ.സി മണിയമ്മ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കാൽയാത്രക്കാർക്ക് ഭീഷണിയായി നഗരത്തിലെ റോഡുകളിലേക്ക് ഇറക്കിവെച്ചിട്ടുള്ള കടകൾക്കെതിരെ നടപടി സ്വീകരിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. 2020-21 വർഷത്തെ ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ജനുവരി ആറിന് പകൽ രണ്ടിന് വൈക്കം സത്യഗ്രഹ സ്മാരകത്തിൽ വർക്കിംഗ് ഗ്രൂപ്പ് വിളിച്ചുചേർക്കാനും ലൈഫ്, പി.എം.എ.വൈ ഗുണഭോക്താക്കളുടെ കുടുംബസംഗമം ആറിനു രാവിലെ 10ന് നടത്താനും കൗൺസിൽ യോഗം തീരുമാനിച്ചു. മാലിന്യങ്ങൾ നിറഞ്ഞ് നീരൊഴുക്ക് നിലച്ച അന്ധകാരതോടിന്റെ നവീകരണത്തിനായുള്ള ആലോചനായോഗം മൂന്നിനു പകൽ മൂന്നിന് വൈക്കം വ്യാപാരഭവനിൽ ചേരുമെന്ന് ചെയർമാൻ പി.ശശിധരൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു.