വൈക്കം : കലശകുംഭങ്ങളിൽ മന്ത്റപുഷ്പങ്ങളായി വീഴാൻ പൂജാപുഷ്പങ്ങൾ ഒരുക്കുന്നു. ചാത്തൻകുടി ദേവീക്ഷേത്രത്തിലാണ് അർച്ചനയ്ക്കുള്ള പുഷ്പങ്ങൾ തയ്യാറാക്കുന്നത്.
കനകധാരായജ്ഞത്തിൽ പ്രയോഗിക്കുന്ന ലളിതാസഹസ്രനാമ അർച്ചനയ്ക്കും, കനകധാരാ സ്‌തോത്ര പുഷ്പാഞ്ജലികൾക്കും, വേദസൂക്ത മന്ത്റപുഷ്പാഞ്ജലികൾക്കും ഒരു ദിവസം 15 പറ പുഷ്പങ്ങളാണാവശ്യം. തുളസി, ചെത്തി, താമര, റോസ്, മുല്ല തുടങ്ങിയ പുഷ്പങ്ങളാണ് വനിതകളുടെ നേതൃത്വത്തിൽ തയ്യാറാക്കി യജ്ഞമണ്ഡപത്തിലേക്ക് നൽകുന്നത്. തന്ത്റി മുഖ്യൻ മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 10 വേദപണ്ഡിതന്മാരാണ് രാവിലെ 6 മുതൽ 11 വരെയും, വൈകിട്ട് 5 മുതൽ 6.30 വരെയും അർച്ചന നടത്തുന്നത്. മൂന്ന് ലക്ഷത്തി മുപ്പതിനായിരം അർച്ചനകളും, 1008 കനകധാരാർച്ചനയും, ഏഴ് അർച്ചനാ കലശങ്ങളുമാണ് എട്ട് ദിവസം കൊണ്ട് പൂർത്തിയാക്കുന്നത്.
ബുധനാഴ്ച രാവിലെ വൈക്കം ക്ഷേത്രം തന്ത്റി കിഴിക്കിനിയേടത്ത് മേക്കാട്ട് ചെറിയ നാരായണൻ നമ്പൂതിരി കലശപൂജ നടത്തി. തുടർന്ന് നവഗ്രഹശാന്തി ഹോമവും, വൈകിട്ട് വൈക്കം രാമചന്ദ്രനും, ആചാര്യ ഹരിദാസ് എന്നിവർ ആധ്യാത്മിക പ്രഭാഷണം നടത്തി.