പാലാ: പഞ്ചാക്ഷരീ മന്ത്രമുഖരിതമായ ചൈതന്യ ധന്യമായ അന്തരീക്ഷത്തിൽ ളാലം മഹാദേവ ക്ഷേത്രോത്സവത്തിനു കൊടിയേറി. രാത്രി 8 മണിയോടെ തന്ത്രി മുണ്ടക്കൊടി വിഷ്ണു നമ്പൂതിരി, മേൽശാന്തി നാരായണ ഭട്ടതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നൂ കൊടിയേറ്റ്. കൊടിയേറ്റിനു ശേഷം മജീഷ്യൻ കണ്ണൻ മോൻ അവതരിപ്പിച്ച മാജിക്ക് ഷോ 'മാന്ത്രിക രാവ്" അരങ്ങേറി. കൊടിയേറ്റിനു മന്നോടിയായി നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരായ സുനിൽ പാലാ, ജി. അരുൺ എന്നിവരേയും വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച സിബി അമ്പലപ്പുറം, അനഘ ജെ. കോലത്ത്, അയ്യപ്പൻ ഐശ്വര്യ, വിഘ്‌നേഷ് സന്തോഷ്, ഭദ്ര യോഗേഷ്, രാധിക സുകു, സേതു പല്ലാട്ട് എന്നിവരേയും ആദരിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക്, കൗൺസിലർമാരായ ബിജി ജോജോ, അഡ്വ. ബിനു പുളിക്കക്കണ്ടം, അഡ്വ. എൻ.കെ. നാരായണൻ നമ്പൂതിരി , ബി. രാധാകൃഷ്ണമേനോൻ , വി.കെ. അശോക് കുമാർ, ബിജു കൊല്ലപ്പിള്ളി തുടങ്ങിയവർ ആശംസകൾ നേർന്നു. പി. ആർ. നാരായണൻ കുട്ടി അരുൺ നിവാസ് സ്വാഗതവും, അഡ്വ. രാജേഷ് പല്ലാട്ട് നന്ദിയും പറഞ്ഞു. നാളെ രാത്രി 7ന് മധുര ഗീതങ്ങൾ അരങ്ങേറും.