nss

പെരുന്ന: ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും, ശബരിമലയിൽ പുതിയ അതോരിറ്റി രൂപീകരിക്കുന്നതിന് നിയമം കൊണ്ടുവരരുതെന്നും ട് എൻ.എസ്.എസ് ആവശ്യപ്പെട്ടു .അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രമേയങ്ങൾ അവതരിപ്പിച്ചത്.

ദേവസ്വം ബോർഡുകളിൽ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ചട്ടങ്ങളിൽ ഭേദഗതി വരുത്തിയെങ്കിലും വിഷയത്തിൽ വ്യക്തതയില്ല. പുതിയ ഭേദഗതിയനുസരിച്ച് 50:50 എന്നതാണ് ജനറൽ,​ സംവരണ തസ്തികകൾ. എന്നാൽ 2019 നവംബർ 19ന് പുതിയ ചട്ടം നിലവിൽ വന്നതിന് ശേഷമുള്ള വിജ്ഞാപന പ്രകാരം ലഭിക്കുന്ന അപേക്ഷകൾ അനുസരിച്ചേ ഉദ്യോഗാർത്ഥികളുടെ പുതിയ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാനാവൂ. അപ്പോൾ, എൽ.ഡി. ക്ലാർക്ക്/സബ്ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 തസ്തികകളിലേക്ക് സംവരണം പാലിച്ച് തയ്യാറാക്കിയ ആദ്യ സാദ്ധ്യതാ പട്ടിക നവംബർ 1ന് തന്നെ പ്രസിദ്ധീകരിക്കുമെന്ന റിക്രൂട്ട്മെന്റ് ബോർഡിന്റെ അറിയിപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. സാമ്പത്തിക സംവരണത്തിന് അർഹതയുള്ളവരെ കണ്ടെത്താൻ കഴിഞ്ഞ നവംബർ 19ന് പുറത്തിറക്കിയ റൂൾസിലെ 2 (എ) പ്രകാരമുള്ള മാനദണ്ഡങ്ങൾ മറ്റൊരു വിഭാഗത്തിനും ഇല്ലാത്തതും സാമൂഹികനീതിക്ക് നിരക്കാത്തതുമാണെന്നും ഡയറക്ടർ ബോർഡ് അംഗം എം. എം. ഗോവിന്ദൻകുട്ടി അവതരിപ്പിച്ച പ്രമേയം പറയുന്നു.

സുപ്രീംകോടതി പരാമാർശം കണക്കിലെടുത്ത് ശബരിമല ഭരണ നിർവഹണത്തിന് ഇപ്പോഴുള്ള സംവിധാനം മാറ്റി പുതിയ നിയമം കൊണ്ടുവരുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനത്തെ ബാധിക്കും. ശബരിമല വികസനത്തിന് ഹൈക്കോടതി നിയോഗിച്ച ഹൈപവർ കമ്മിറ്റി നിലവിലുണ്ട്.ദേവസ്വം ബോർഡും ഹൈപവർ കമ്മിറ്റിയും യോജിച്ചാണ് മാസ്റ്റർ പ്ളാൻ അനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഈ സാഹചര്യത്തിൽ ശബരിമല വികസനത്തിന് മറ്റൊരു അതോറിറ്റി രൂപീകരിക്കണോയെന്ന് ചിന്തിക്കണമെന്ന് ഡയറക്ടർ ബോർഡ് അംഗം എൻ.വി.അയ്യപ്പൻ പിള്ള അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

മന്നം ജയന്തി :പൂർണ്ണ

അവധിയാക്കണം

മന്നത്ത് പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയിലുള്ള പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെട്ടു. മന്നം ജയന്തി ദിനമായ ജനുവരി 2 പൊതു അവധിയായി 2014 ഒക്ടോബർ 31ന് പ്രഖ്യാപിച്ചെങ്കിലും ഈ ആക്ടിന്റെ പരിധിയിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. ഈ മേഖലയിലെ ജീവനക്കാർക്ക് ഇതുമൂലം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ല. വിഷയം പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നിരസിച്ചു. തീരുമാനം പുനപരിശോധിക്കണമെന്ന് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ അവതാരകനായ പ്രമേയം ആവശ്യപ്പെട്ടു.