പാലാ: പാലായും പരിസര പ്രദേശങ്ങളും പുതുവത്സരത്തെ വരവേറ്റത് ഏറെ പ്രതീക്ഷകളോടെ. പുതുവത്സരദിനത്തിൽ നഗരം ശാന്തമായിരുന്നു. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ പുതുവത്സര ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ പടക്കകടകളും മറ്റും പ്രവർത്തിച്ചിരുന്നെങ്കിലും ഒരു നിശ്ചിത സമയം കഴിഞ്ഞതോടെ പൊലീസ് എത്തി പൂട്ടിടുവിച്ചു. വിവിധ ക്ലബുകളുടേയും സാംസ്‌കാരിക സംഘടനകളുടേയും ആഭിമുഖ്യത്തിൽ പുതുവർഷം ആഘോഷിച്ചു.ആട്ടവും, പാട്ടും,വർണ്ണവിസ്മയവുമൊരുക്കിയ ആഘോഷങ്ങൾ എല്ലാം തന്നെ സമാധാനപരമായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ആണ് നടന്നത്. കഴിഞ്ഞ പുതുവത്സരദിനത്തിൽ പാലാ നഗരത്തിൽ മാത്രം രജിസ്റ്റർ ചെയ്തത് 150 തോളം കേസുകളായിരുന്നുവെങ്കിൽ ഇക്കുറി രജിസ്റ്റർ ചെയ്തത് കേവലം 36 കേസുകൾ മാത്രമാണ്. അമിവേഗതയിൽ വാഹനമോടിച്ച ഒരു കേസൊഴികെ ബാക്കി 35 കേസുകളും മദ്യപാനവുമായി ബന്ധപ്പെട്ട കേസുകളായിരുന്നു.