കോട്ടയം: '' അവനെ കുത്തിക്കൊന്നത് പെട്ടെന്ന് ദേഷ്യം വന്നിട്ട്. വഴക്കുണ്ടായപ്പോൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തി''- നഗരമദ്ധ്യത്തിൽ തിരുവഞ്ചൂർ വലിയപറമ്പിൽ തോമസിന്റെ മകൻ സുമിതിനെ (38) കൊന്നകേസിൽ അറസ്റ്റിലായ കുമരകം ചൂളഭാഗം കുടിലിൽ രഞ്ജിത്തിന്റേതാണ് മൊഴി. കഴിഞ്ഞ ദിവസം ആറരയോടെ പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്തായിരുന്നു സംഭവം. കുത്തിയ ശേഷം വലിച്ചെറിഞ്ഞ കത്തി തെളിവെടുപ്പിനിടെ കണ്ടെത്തി.
കോട്ടയത്തും ആലപ്പുഴയിലും കൂലിപ്പണി ചെയ്താണ് രഞ്ജിത് താമസിച്ചിരുന്നത്. പരിചയക്കാരായ സുമിത്തും രഞ്ജിതും തമ്മിൽ വഴക്കും പതിവായിരുന്നു. തർക്കത്തിനിടെ കൈയിലുണ്ടായിരുന്ന കത്തിയെടുത്തു കുത്തുകയായിരുന്നു. ഇയാളുടെ അരയിൽ സ്ഥിരമായി കത്തിയുണ്ടാകും.
ആറു മാസം മുമ്പ് സി.എം.എസ്. കോളേജിനു സമീപം സ്വകാര്യ ബസിലെ കണ്ടക്ടറെ കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ ഇയാൾ മൂന്നു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. തുടർന്ന് ആലപ്പുഴയിൽ ലോഡ്ജിൽ താമസിക്കുകയായിരുന്നു. നഗരത്തിലെ കടയിൽ നിന്നു വാങ്ങിയ കത്തിയാണ് കുത്താൻ ഉപയോഗിച്ചത്. സംഭവത്തിനു ശേഷം സമീപത്തെ മാലിന്യക്കൂനയിലേയ്ക്ക് വലിച്ചെറിഞ്ഞ കത്തി ഇന്നലെ തെളിവെടുപ്പിനിടെ കണ്ടെത്തി.
ഇന്നലെ ഉച്ചയോടെ വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. അരുൺ, എസ്.ഐ. ടി.ശ്രീജിത്, എ.എസ്.ഐ. പി.എൻ. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കോടതിയിൽ ഹാജരാക്കിയ രഞ്ജിതിനെ റിമാൻഡ് ചെയ്തു.