കോട്ടയം: ജില്ലയിൽ ഹോട്ടലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇന്നലെ വൈകിട്ട് നാലിന് മുളങ്കുഴയിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം കാണക്കാരിയിൽ അപ്പു എന്ന ഹോട്ടൽ തീ വയ്ച്ച് ഉടമയെ കൊലപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതുവർഷ രാത്രിയിൽ നാട്ടകം മുളങ്കുഴയിൽ ഹോട്ടലിന് നേരെ ആക്രമണം ഉണ്ടായി. അർദ്ധരാത്രിയ്ക്ക് ശേഷം എത്തിയ അക്രമി സംഘം ഹോട്ടൽ അടിച്ച് തകർത്ത്, ഹോട്ടലിന് മുന്നിൽ കിടന്ന കാറും തകർത്തു. രണ്ടു സംഭവങ്ങളിലും പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. അക്രമികളെ നിലയ്ക്കു നിറുത്താൻ പൊലീസ് ഇടപെടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ സെക്രട്ടറി എൻ.പ്രതിഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെറീഫ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആർ.സി. നായർ, സി.ടി. സുകുമാരൻ നായർ, കെ. സുഗുമാർ, ബേബി തോമസ്, അൻസാരി, ഗിരീഷ് മത്തായി, എ.എസ് പ്രമി തുടങ്ങിയവർ പ്രസംഗിച്ചു.