കോട്ടയം: ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകളുടെ നിരോധനം നിലവിൽവന്ന ആദ്യദിവസം സമൂഹത്തിൽ സമ്മിശ്രപ്രതികരണം.
പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങുന്നതിന് വീട്ടിൽ നിന്ന് തുണിസഞ്ചികളുമായി എത്തിയവർ നാടിനൊപ്പം നീതിപൂർവം നിലകൊണ്ടപ്പോൾ പതിവുപോലെ കൈയ്യുംവീശി വന്ന് പ്ലാസ്റ്റിക് കവറിൽ സാധനങ്ങളുമായി കൂളായി മടങ്ങിയവരും നഗരക്കാഴ്ചകളിൽ ഇടംപിടിച്ചു. വെറും കൈയ്യോടെ കടകളിലേക്ക് കയറിചെന്നവരോട് പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങൾ നൽകില്ലെന്ന് വ്യാപാരികൾ പറഞ്ഞതുമില്ല, പ്ലാസ്റ്റിക് വേണ്ടായെന്ന് ഉപഭോക്താവ് ശഠിച്ചതുമില്ല. പ്ലാസ്റ്റിക് കവറുകൾ ഒളിപ്പിച്ചുവച്ച് ആവശ്യക്കാർക്ക് രഹസ്യമായി നൽകിയ വഴിയോര മത്സ്യവ്യാപാരികൾ നിയമത്തെ അൽപ്പമെങ്കിലും ബഹുമാനിച്ചപ്പോൾ വൻകിട വ്യാപാരികളും പച്ചക്കറി കടകളും നിരോധനം അറിഞ്ഞമട്ടുപോലും കാണിച്ചില്ല .