കോട്ടയം: സ്ത്രീസുരക്ഷയിൽ സൽപേരുകേട്ട കേരളത്തിലിപ്പോൾ അതിന് വിരുദ്ധമായ വാർത്തകളാണ് ഉണ്ടാകുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

മഹിളാകോൺഗ്രസ് സംസ്ഥാനഘടകം തിരുനക്കര മൈതാനത്ത് സംഘടിപ്പിച്ച സ്ത്രീസുരക്ഷ 2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ എടുക്കാതിരുന്നത് കൊണ്ടുമാത്രം പല ജീവനുകളും രക്ഷിക്കാൻ സാധിക്കാതെപോയി എന്ന് ഭരണകൂടത്തിന് തന്നെ ബോധ്യപ്പെട്ട സംഭവങ്ങളാണ് അടുത്ത കാലത്തുണ്ടായത്. തെറ്റായ പ്രവണതകൾക്കെതിരെ ഉയിർത്തെഴുന്നേൽപ്പാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇതിനുള്ള ആദ്യകാൽവയ്പാണ് മഹിളാകോൺഗ്രസ് കർമ്മപദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യകാരൻ പി.സുരേന്ദ്രൻ പ്രഭാഷണം നടത്തി. മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, ഷാനിമോൾ ഉസ്മാൻ, എം.പിമാരായ കെ.മുരളീധരൻ, ആന്റോ ആന്റണി, നേതാക്കളായ ജോസഫ് വാഴയ്ക്കൻ, സുധാ കുര്യൻ, സുമാ ബാലകൃഷ്ണൻ, ഫാത്തിമ ഓസ്‌ന, ജെബിമേത്തർ, വൽസലാ പ്രസന്നകുമാർ, പാലോട് രവി, എം.മുരളി, ജോഷി ഫിലിപ്പ്, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പ്രസംഗിച്ചു.