പൊൻകുന്നം: ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി.കൗണ്ടറിൽ സമയം രേഖപ്പെടുത്താനിറങ്ങിയ വനിതാ കണ്ടക്ടർ കയറും മുൻപ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് യാത്ര തിരിച്ചു. രണ്ടര കി.മീ.പിന്നിട്ടപ്പോൾ വഴിയിൽ കാത്തുകിടന്ന ബസ്സിലേക്ക് കണ്ടക്ടർ മറ്റൊരു ബസ്സിൽ കയറിയെത്തി. പൊൻകുന്നം ബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെ 11.20 നായിരുന്നു സംഭവം. മുണ്ടക്കയം-ചങ്ങനാശ്ശേരി റൂട്ടിലോടുന്ന പൊൻകുന്നം ഡിപ്പോയിലെ ആർ.പി.കെ. 551ാം നമ്പർ ബസാണ് ഓടിച്ചുപോയത്. ബസ് പൊൻകുന്നം സ്റ്റാന്റിൽ എത്തിയപ്പോൾ കെ.എസ്.ആർ.ടി.സിയുടെ കൗണ്ടറിൽ എല്ലാ ബസ്സുകളും സമയം രേഖപ്പെടുത്തുന്നത് പതിവാണ്. അതിനാണ് വനിതാ കണ്ടക്ടർ ബസ്സിൽ നിന്നും ഇറങ്ങിയത്. ഇതിനിടെ യാത്രക്കാരിലൊരാൾ ബാഗ് ബർത്തിൽ വെയ്ക്കാൻ ശ്രമിച്ചപ്പോൾ ബെൽ മുഴങ്ങിയപ്പോൾ കണ്ടക്ടർ കയറിയെന്ന ധാരണയിൽ ഡ്രൈവർ ബസ് ഓടിച്ചുപോകുകയായിരുന്നു. രണ്ടര കിലോമീറ്റർ ബസ് ഓടിക്കഴിഞ്ഞാണ് കണ്ടക്ടർ ബസിലില്ലായെന്ന് അറിയുന്നത്. ദേശീയപാതയിൽ 18ാം മൈലിൽ കാത്തുകിടന്ന ബസിലേക്ക് കണ്ടക്ടർ പിന്നാലെയുണ്ടായിരുന്ന ഫാസ്റ്റ് ബസ്സിൽ കയറിയെത്തി.