പൊൻകുന്നം: പൊൻകുന്നം ടൗണിൽ ട്രാഫിക് ജംഗ്ഷനിൽ ശബരിമല തീർത്ഥാടകരുടെ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ആളപായമില്ല. ഇന്നലെ പുലർച്ചെ നാലരയ്ക്കായിരുന്നു അപകടം. കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് പി.പി.റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറുന്നതിനിടെയാണ് ബസ് ഡിവൈഡറിൽ ഇടിച്ചത്. വെളിച്ചക്കുറവും സൂചനാബോർഡുകളില്ലാത്തതും മൂലം സമാനമായ അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. തിരക്കേറിയ ദേശീയപാതയിലേക്ക് കയറുന്നതിനും ദേശീയപാതയിൽ നിന്ന് പി.പി.റോഡിലേക്ക് വാഹനങ്ങളെത്തുന്നതിനും റോഡ് തിരിച്ചിട്ടുണ്ട്. ഡിവൈഡർ സൂചിപ്പിക്കുന്ന ബോർഡുകൾ കാലങ്ങൾക്കു മുൻപേ നശിച്ചു. ബോർഡില്ലാത്തതിനാൽ രാത്രിയെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാകാറുണ്ട്. കവലയിലെ സോളാർ വിളക്കുകളും തെളിയുന്നില്ല. തന്മൂലം ഡ്രൈവർമാർക്ക് ഡിവൈഡർ ദൃശ്യമാകില്ല.