പൊൻകുന്നം: ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ ദേവിയുടെ ആറാട്ടോടെ രഥോത്സവം സമാപിച്ചു. മേൽശാന്തി കെ.എസ്.ശങ്കരൻ നമ്പൂതിരി ആറാട്ടിന് കാർമികത്വം വഹിച്ചു. ആറാടിയെത്തിയ ദേവിയെ രഥത്തിൽ പ്രതിഷ്ഠിച്ചാണ് എഴുന്നള്ളത്ത് നടത്തിയത്. മണക്കാട്ട് ഉത്സവത്തിന് ദേവിയെ ആനയ്ക്കു പകരം രഥത്തിൽ എഴുന്നള്ളിക്കുകയാണ് വർഷങ്ങളായി ചെയ്യുന്നത്. തെക്കുംഭാഗം മഹാദേവ വേലകളി സംഘം വേലകളി അവതരിപ്പിച്ചു. കുഴിപ്പള്ളാത്ത് അപ്പുആശാൻ നേതൃത്വം നൽകി. ആറാട്ടുകടവിൽ ദീപക്കാഴ്ച, കുരുമുളക് സമർപ്പണം എന്നിവയുണ്ടായിരുന്നു. എതിരേൽപ്പിൽ ആനിക്കാട് കൃഷ്ണകുമാർ, ഗോപകുമാർ എന്നിവരുടെ പഞ്ചവാദ്യം, പാണ്ടിമേളം എന്നിവ നടന്നു.