 മിൽമ കാലിത്തീറ്റയ്ക്ക് 4 മാസത്തിനിടെ കൂടിയത് 290 രൂപ

കോട്ടയം: ക്ഷീരകർഷകർ വലിയ കഷ്ടത്തിലാണ്. കാലിത്തീറ്റ വില കുതിക്കുമ്പോൾ കർഷകരാകട്ടെ നിസഹായരുമാണ്. കാലിത്തീറ്റ വില വർദ്ധനയുടെ കാര്യത്തിൽ മിൽമയും കേരള ഫീഡ്സും സ്വകാര്യ കമ്പനികളെ കവച്ചു മുന്നേറുകയാണെന്ന കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നാല് തവണയാണ് കാലിത്തീറ്റ വില വർദ്ധിച്ചത്. 50 കിലോഗ്രാം തൂക്കമുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് മിൽമയും കേരള ഫീഡ്സും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 290 രൂപയാണ് വില വർദ്ധിപ്പിച്ചത്. നിലവിലെ വില 1240 രൂപ. എന്നാൽ സ്വകാര്യ കമ്പനികൾ 1210 രൂപയ്ക്കാണ് കാലിത്തീറ്റ വിപണിയിൽ എത്തിക്കുന്നത്.

കാലിത്തീറ്റയ്ക്ക് മിൽമ നൽകിയിരുന്ന 100 രൂപ സബ്സിഡി ഡിസംബർ 31മുതൽ ലാഭക്കുറവിന്റെ പേരിൽ നിറുത്തലാക്കി. 925 രൂപയിൽ നിന്നാണ് 1240 വരെ എത്തിയത്. മിൽമ വില കൂട്ടിയതോടെ സ്വകാര്യ കമ്പനികൾ 900 രൂപയിൽ നിന്ന് 1350 രൂപയാക്കിയെങ്കിലും വിപണി പിടിക്കാനായി കാലിത്തീറ്റ വില 1210 രൂപയിലേക്കു താഴ്ത്തി. സ്വകാര്യ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് മിൽമയും കേരള ഫീഡ്സും സ്വീകരിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു.

കഴിഞ്ഞ ഒരുവർഷത്തിനിടെ 32 ശതമാനം വർദ്ധനവാണ് കാലത്തീറ്റയിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സെപ്തംബറിൽ പാൽ വില നാലു രൂപ വർദ്ധിപ്പിച്ചപ്പോൾ കർഷകർക്ക് 3.35 രൂപ നൽകി 'പ്രതിബദ്ധത' കാട്ടിയ മിൽമ, പിന്നാമ്പുറത്തു കൂടി കാലിത്തീറ്റ വില കിലോയ്ക്ക് 5.80 രൂപയാണ് കൂട്ടിയത്. അതുകൊണ്ടുതന്നെ പാൽവില കൂട്ടിയതിന്റെ ഗുണം ലഭിച്ചില്ലെന്ന് കർഷകർ തുറന്നടിക്കുന്നു.

 ചേരുവകൾക്ക് വലി​യ വി​ല

അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനവാണ് കാലിത്തീറ്റ വില ഉയർത്തിയതെന്ന് മിൽമ വാദിക്കുന്നു. ഒരു വർഷം മുമ്പ് ക്വിന്റലിന് 850 രൂപയുണ്ടായിരുന്ന പരുത്തിപ്പിണ്ണാക്കിന് 1450 രൂപയും 900 രൂപയായിരുന്ന ഗോതമ്പ് തൊലിക്ക് 1250 രൂപയുമാണ് ഇപ്പോഴത്തെ വില. അസംസ്‌കൃത വസ്തുക്കൾ മറ്റു സംസ്ഥാനങ്ങളി​ൽ നിന്നാണ് എത്തി​ക്കുന്നത്.

 കർഷകന് ചെറി​യ വില


ഒരു ലിറ്റർ പാൽ 50 രൂപയ്ക്ക് ക്ഷീരസംഘങ്ങൾ വിൽക്കുമ്പോൾ കർഷകർക്കു ലഭിക്കുന്നത് ഇൻസെന്റീവ് ഉൾപ്പെടെ 28 മുതൽ 36 രൂപ വരെയാണ്. റീഡിംഗിന്റെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് മിൽമ ചാർട്ട് പ്രകാരം കർഷകർക്കു വില ലഭിക്കുന്നത്.

..............................................

 290 രൂപ: അഞ്ച് മാസത്തിനിടെ മിൽമ കൂട്ടിയ വില

 135 രൂപ: സ്വകാര്യ കമ്പനികൾ ഇക്കാലയളവിൽ കുറച്ച വില

.............................

 പ്രശ്‌നങ്ങൾ

# ഉത്പാദന ചെലവ് അനുസരിച്ച് പാലിനു വിലയില്ല
# സർക്കാർ വക മറ്റ് ആനുകൂല്യങ്ങളില്ല
# വൈക്കോൽ, കാലിത്തീറ്റ എന്നിവയുടെ വില വർദ്ധന


 ആവശ്യങ്ങൾ


# ഒരു ലിറ്റർ പാലിന് അഞ്ച് രൂപ പ്രകാരം കാലിത്തീറ്റയി​ൽ സബ്സിഡി വേണം

# വർഷം മുഴുവൻ പാൽ അളക്കുന്ന കർഷകർക്ക് ധനസഹായം
# ഡോക്ടറുടെ സേവനം പൂർണമായും സൗജന്യമാക്കുക