കോട്ടയം: പരസ്യ പുകവലിക്ക് കഴിഞ്ഞ വർഷം വലിയ വിലകൊടുത്തവരാണ് ജില്ലക്കാർ. ഒന്നും രണ്ടുമല്ല 7 ലക്ഷത്തിലേറെ രൂപ! പരസ്യമായി പുകച്ചതിന് 2019ൽ ജില്ലയിൽ കുടുങ്ങിയത് 3,741 പേർ. കോട്പ ആക്ട് ( സിഗരറ്റ്‌സ് ആന്റ് അതർ ടുബാക്കോ പ്രൊഡക്ട്‌സ് ആക്ട് ) പ്രകാരം ഇവരിൽ നിന്ന് 7,48200 രൂപ പിഴയും ഈടാക്കി. എന്നാൽ 2015 മുതലുള്ള കണക്കെടുത്താൽ പരസ്യപുകവലിക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

മേയിലാണ് ഏറ്റവും കൂടുതൽ പേർക്ക് പിഴയിട്ടത്. 584 പേരിൽ നിന്നായി 1,02,000 രൂപ പിഴയീടാക്കി. ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ ഒഴികെ മിക്ക മാസങ്ങളിലും അരലക്ഷത്തിന് മുകളിൽ ഫൈൻ ഈടാക്കിയിട്ടുണ്ട്. ഏറ്റവും കുറവ് പേർ പരസ്യമായി പുകവലിച്ചതും ഫൈൻ കുറവ് ഈടാക്കിയതും ഒക്ടോബറിലാണ്. 128 പേരിൽ നിന്ന് 2500 രൂപ .

18 വയസിന് താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റതിന് 33 പേരാണ് ശിക്ഷാ നടപടിക്ക് വിധേയരായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വിറ്റതിന് 13 പേർ പിടിയിലായി.

പരസ്യമായി

പുകച്ചതിന്

കുടുങ്ങിയത്

3,741 പേർ

കുറയുന്നു പുകയ്ക്കൽ

പുകയില ഉത്പന്നങ്ങളുടെ ദോഷഫലങ്ങളെ കുറിച്ചുള്ള വ്യാപക പ്രചാരണങ്ങൾ ഗുണം ചെയ്യുന്നുണ്ടെന്നാണ് ഓരോ വർഷത്തെയും കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ച് വർഷത്തിനിടെ പരസ്യമായി പുകവലിച്ചതിന് പിടിയിലാവുന്നവരുടെ എണ്ണം പകുതിയിൽ താഴെയായി കുറഞ്ഞിട്ടുണ്ട്.

പിഴക്കണക്ക് ഇങ്ങനെ

2015-

പിഴകൊടുത്തവർ- 10,709

പിഴത്തുക- 21,​10700

2016

പിഴകൊടുത്തവർ- 9,371

പിഴത്തുക- 18,​48,​000

2017-

പിഴയൊടുക്കിയവർ 7,821

പിഴത്തുക- 15,​ 04000

2018

പിഴയൊടുക്കിയവർ-6,598

പിഴത്തുക -12,​81300

തുടക്കത്തിൽ പുകയില ഉത്പന്നങ്ങളിലേക്ക് തിരിയുന്ന വിദ്യാർത്ഥികൾ പിന്നീട് കഞ്ചാവ് പോലുള്ള ലഹരികളിലേക്ക് വേഗത്തിൽ വഴിതെറ്റാം. പുതുവർഷത്തിലും കോട്പ ആക്ട് പ്രകാരം പരിശോധനകളും തുടർനടപടികളും ശക്തമാക്കും . സ്‌കൂളുകൾക്ക് സമീപമുള്ള കടകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും തുടരും.

-എക്സൈസ് അധികൃതർ