sukumaran-nair
photo

പെരുന്ന: മതവിശ്വാസാചാരങ്ങളിൽ രാഷ്ട്രീയാധികാരം കൈകടത്തരുതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. എൻ.എസ്.എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആചാരസംബന്ധമായ മാറ്റം മതത്തിൽ തന്നെ രൂപം കൊള്ളണം. അടിച്ചേൽപ്പിക്കപ്പെടുന്ന മാറ്റമാകരുത്. ശബരിമല വിഷയം മതവികാരത്തെ വ്രണപ്പെടുത്തി. സാക്ഷര കേരളത്തിനായി എൻ.എസ്.എസും ക്രൈസ്തവ സഭകളും വഹിച്ച നിർണായക പങ്ക് വിസ്മരിക്കപ്പെടരുത്. മത,​ സാമൂഹ്യ,​ വിദ്യാഭ്യാസ മേഖലകളിൽ ഇരു വിഭാഗവും ഒരുമിച്ച് പ്രവർത്തിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ ധ്രുവീകരണമുണ്ടായപ്പോൾ, കേരളത്തിൽ വർഗീയാടിസ്ഥാനത്തിൽ രാഷ്ട്രീയ ശക്തികൾ വളരാതെ മതേതരത്വം സംരക്ഷിക്കാൻ നായർ സമുദായമെടുത്ത നിലപാട് മറക്കാനാവില്ല. രാഷ്ട്രീയത്തിൽ മതം കടന്നുവരാൻ സമ്മതിക്കാത്തത് പോലെ മതത്തിൽ രാഷ്ട്രീയവും കടന്നുവരരുത്. മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടരുത്. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് ഉചിത നിലപാടെടുത്തു. അതിന്റെ ഫലം രാഷ്ട്രീയ കേരളം തിരിച്ചറിഞ്ഞു.

സഭയും എൻ.എസ്.എസും ആവശ്യപ്പെട്ട സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ പോരായ്മകൾ പരിഹരിക്കപ്പെടണം. എയ്ഡഡ്,​ പൊതുവിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണ്. തടസങ്ങൾ സൃഷ്ടിച്ച് സ്വകാര്യ മാനേജ്മെന്റുകൾക്ക് സ്വാതന്ത്ര്യം ഇല്ലാതാക്കരുത്. പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിർവീര്യമാക്കുന്ന പ്രവൃത്തികൾ സ്വാഗതാർഹമല്ല. വിദ്യാഭ്യാസ രാഷ്ട്രീയം കലാപ രാഷ്ട്രീയമാവാൻ പാടില്ല. പക്വതയുള്ള രാഷ്ട്രീയക്കാർ വേണം. എന്നാൽ പാർട്ടി രാഷ്ട്രീയം വളർത്താനുള്ള വേദിയല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ. എൻ.എസ്.എസ് സ്വീകരിച്ച മതേതരത്വം,​ ജനാധിപത്യം,​ സാമൂഹ്യനീതി എന്നീ അടിത്തൂണുകളിൽ ഉറച്ചു നിന്ന് ഒരുമിച്ച് മുന്നോട്ടു പോകണം. എൻ.എസ്.എസിലൂടെ മന്നം കൊളുത്തിയ നവോത്ഥാന ദീപം കേരള പുരോഗതിക്കായി നിസ്തുലസേവനം തുടരുകയാണെന്നും മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

എൻ.എസ് .എസ് പ്രസിഡന്റ് അഡ്വ. പി.എൻ.നരേന്ദ്രനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ സി. രാധാകൃഷ്ണൻ, ആരോഗ്യ സർവകലാശാല മുൻ വി.സി ഡോ. എം.കെ.സി. നായർ എന്നിവരും സംസാരിച്ചു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സ്വാഗതവും ട്രഷറർ ഡോ. എം. ശശികുമാർ നന്ദിയും പറഞ്ഞു.