കോട്ടയം: മാർക്കുദാന വിവാദത്തിൽ അസന്തുഷ്ടി നിലനിൽക്കെ, ചാൻസലറായ ഗവർണർ ഇന്ന് സർവകലാശാലാ ആസ്ഥാനത്തെത്തുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മാന്നാനം കെ.ഇ സ്കൂളിൽ സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ ജൂബിലി ഉദ്ഘാടനമാണ് ഗവർണറുടെ പരിപാടി. സർവകലാശാലാ ആസ്ഥാനത്ത് ഗവർണർ ആരീഫ് മുഹമ്മദ് ഖാന് പ്രത്യേക പരിപാടി ഇല്ല. സിൻഡിക്കേറ്റംഗങ്ങളും ഫാക്കൽറ്റി അംഗങ്ങളുമായി സംവാദമെന്നാണ് ഗവർണറുടെ ഓഫീസ് അറിയിച്ചിട്ടുള്ളതെങ്കിലും മാർക്കുദാന വിവാദവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നേരിട്ട് മനസിലാക്കാനുള്ള അസാധാരണ വരവെന്നാണ് സവകലാശാലാ ഉന്നതർ പറയുന്നത്. രണ്ടു മണിക്കൂറോളം ഗവർണർ സർവകലാശാല ആസ്ഥാനത്തുണ്ടാകും.

സിൻഡിക്കേറ്റിന്റെ മാർക്കു ദാനം വഴി ബി.ടെക് വിജയിച്ച 118 വിദ്യാർത്ഥികളുടെ ബിരുദം ചട്ടം ലംഘിച്ച് സിൻഡിക്കേറ്റ് റദ്ദാക്കിയിരുന്നു. വിവാദമായതോടെ ഇവരോട് നേരിട്ടു പരാതി നൽകാൻ ഗവർണർ നിർദ്ദേശിക്കുകയും ചെയ്തു . ഈ സാഹചര്യത്തിൽ ഗവർണറുടെ സന്ദർശനത്തെ ഗൗരവമായാണ് അധികൃതർ കാണുന്നത്.

പൗരത്വ ഭേദഗതി നിയമത്തിൽ ഗവർണർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. കണ്ണൂരിൽ ഉണ്ടായ പ്രതിഷേധം എം.ജി സർവകലാശാലയിലും ആവർത്തിക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് . ഇന്നലെ കോട്ടയത്ത് ഓർത്തഡോക്സ് സഭ സ്ഥാനാരോഹണ നവതി ആഘോഷ ചടങ്ങിനെത്തിയ ഗവർണർക്ക് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. രണ്ടു

ദിവസം ഗവർണർ താമസിക്കുന്ന നാട്ടകം ഗസ്റ്റ് ഹൗസിലും കാവൽ ശക്തമാക്കി.