മനുഷ്യർക്കിടയിലൂടെ മതിൽ കെട്ടിയാൽ നവോത്ഥാനമാണെന്ന് പറയുന്ന നേതൃത്വമാണ് ഇന്നുള്ളത്. ഇതിലൂടെ ഞങ്ങൾ നിങ്ങൾ എന്ന വേർതിരിവാണ് സൃഷ്ടിക്കപ്പെടുന്നത്, അതിൽ നമ്മൾ ഇല്ല. ജനാധിപത്യ ഭരണം ഏറ്റവും നല്ല കാര്യമാണ്, ഭരിക്കുന്നവർ നല്ലതായാൽ എല്ലാ ഭരണവും നല്ലതാകും, ഭരണക്രമമല്ല കാര്യം, ഭരിക്കുന്നവരുടെ ആത്മാർത്ഥയും മഹനീയതയുമാണ് .

മനുഷ്യരുടെ സർവസാഹോദര്യം നൂറ്റാണ്ടു മുമ്പ് കേരളത്തിൽ വേരോടിയതാണ്. ഇവിടെയ്ക്ക് കടന്നു വന്ന മത സമൂഹങ്ങളെ സ്വീകരിച്ച പാരമ്പര്യമാണ് നമുക്കുള്ളത്. മറ്റ് മതങ്ങൾക്ക് പിറന്ന നാട്ടിൽ നിന്നും മറ്റ് രാജ്യങ്ങളിൽ ആദ്യമായി ആരാധനായലങ്ങൾ സ്ഥാപിക്കുവാൻ കഴിഞ്ഞത് കേരളത്തിലാണ്. വിഭാഗീയതയുമായി വരുന്നവർ നാടിന്റെ അന്തകരാണ്, അവരുടെ വാക്കുകൾ കേൾക്കരുത്, അവരെ പടിക്ക് പുറത്ത് നിർത്തണം.

രാജ്യത്തെ എല്ലാ സാംസ്‌കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും വാമൂടിക്കെട്ടുന്ന സ്ഥിതിയാണ് എത്തിച്ചേർന്നിരിക്കുന്നത്. അത് കഷ്ടാൽ കഷ്ടമാണ്. കേരള സംസ്‌കാരത്തെ ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നീ മൂന്ന് വാക്കുകളിലാണ് മന്നത്ത് പത്മനാഭൻ ഒതുക്കി നിർത്തിയത്. കേരളത്തിൽ നവോത്ഥാനമാണ് വേണ്ടത്. സംസ്‌കാരം ഇല്ലാതെ നവോത്ഥാനമില്ല. മതത്തിന്റെ പേരിലുള്ള വോട്ടുകൾ നാടിന്റെ ജനാധിപത്യത്തെ താറുമാറാക്കി. അടിസ്ഥാനപരമായ വിഭാഗീയതയാണ് ഇപ്പോൾ നമ്മെ ഭരിക്കുന്നത്. ഈ സാഹചര്യത്തിൽ മനുഷ്യർ ഒന്നു ചേർന്നു നില്ക്കണം.

(പെരുന്ന എൻ. എസ്. എസ്. ആസ്ഥാനത്തെ മന്നം ജയന്തി സമ്മേളനത്തിൽ നടത്തിയ പ്രഭാഷണം)