പൊൻകുന്നം: ശ്മശാനമൂകത എന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്ന കാഴ്ചയാണ് ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ചേപ്പുംപാറ പൊതു ശ്മശാനത്തിൽ ചെന്നാൽ കാണാൻ കഴിയുന്നത്. പൊതുശ്മശാനത്തെ അടിമുടി മാറ്റി ആധുനിക സംവിധാനങ്ങളോടെ നവീകരിക്കുന്നതിനായി 2018ൽ 2 കോടിയിലേറെ രൂപയാണ് ഗ്രാമപഞ്ചായത്ത് ചിലവഴിച്ചത്. പുതിയ സംസ്‌കരണയൂണിറ്റ് സ്ഥാപിച്ച് പരിസരമാകെ മനോഹരമായ ഉദ്യാനം നിർമ്മിച്ച് ശ്മശാനമൂകത ഇല്ലാതാക്കാനായിരുന്നു പദ്ധതി.
എന്നാലിപ്പോൾ പ്രദേശമാകെ കാടുവളർന്ന് ചുടുകാടിന്റെ പ്രതീതിയാണ്. ഇപ്പോൾ അനാഥപ്രേതത്തെപ്പോലെ കിടക്കുകയാണ് ജനറേറ്റർ. ഗ്യാസ് ഉപയോഗിച്ചുള്ള സംസ്‌കരണ യൂണിറ്റാണ് പുതിയതായി സ്ഥാപിച്ചത്. വൈദ്യുതി നിലച്ചാലും ശ്മശാനത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായാണ് രണ്ട് ലക്ഷത്തിലേറെ രൂപ വിലയുള്ള ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നത്. ശ്മശാനം ആധുനിക രീതിയിലാക്കിയെങ്കിലും ജനറേറ്റർ വയ്ക്കുന്നതിന് കെട്ടിടം നിർമ്മിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി മഞ്ഞും മഴയും വെയിലുമേറ്റ് തുറസ്സായ സ്ഥലത്ത് ജനറേറ്റർ തുരുമ്പെടുക്കുന്ന നിലയിലാണ്. കാട് വളർന്നതിനാൽ ജനറേറ്റർ ഇരിക്കുന്ന സ്ഥലത്ത് എത്താൻപോലും പ്രയാസമാണ്.