പാലാ: ഇരുമ്പ് പൈപ്പും ഷീറ്റുകളുമായി പോയ പിക്കപ്പ് ജീപ്പ് സഡൺ ബ്രേക്കിട്ടതിനെത്തുടർന്ന് പൈപ്പുകൾ തെറിച്ച് ദേഹത്ത് വീണ് യുവതിയ്ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ കൊട്ടാരമറ്റം ജംഗ്ഷനിലായിരുന്നു സംഭവം. പാലായിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന ഇടുക്കി സ്വദേശിനി അപർണയ്ക്കാണ് പരിക്കേറ്റത്. റോഡ് മുറിച്ചു കടക്കുകയായിരുന്നു അപർണ. വേഗതയിലെത്തിയ പിക്കപ്പ് ജീപ്പ് സഡൺ ബ്രേക്കിട്ടതിനെത്തുടർന്ന് ജീപ്പിലുണ്ടായിരുന്ന ഇരുമ്പു പൈപ്പ് മുന്നോട്ട് തെറിച്ച് റോഡിൽ വീഴുകയും ഒരെണ്ണം അപർണയുടെ കൈയിൽ പതിക്കുകയുമായിരുന്നു. യുവതിയെ ഉടൻ തന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ കൈയ്ക്ക് ഒടിവുണ്ട്. പാലായിൽനിന്നു കുമ്മണ്ണൂർക്ക് പൈപ്പുകളുമായി പോവുകയായിരുന്നു പിക്കപ്പ് ജീപ്പ്.