കോട്ടയം: മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭാചരിത്രത്തിൽ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവയുടെ സ്ഥാനം അവിസ്മരണീയമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സഭയുടെ മൂന്നാമത്തെ കാതോലിക്കാ ബാവയായിരുന്ന ഗീവർഗീസ് ദ്വിതീയൻ കാതോലിക്കായുടെ സ്ഥാനാരോഹണ നവതി ആഘോഷങ്ങളുടെ സമാപനസമ്മേളനം കോട്ടയം മാർ ഏലിയ കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വിദ്യാഭ്യാസ- സാമൂഹ്യ പുരോഗതിയിലും ദളിത് സമൂഹത്തിന്റെ സമഗ്രവിമോചനത്തിനും ബാവയുടെ പ്രവർത്തനം മാതൃകയായിരുന്നു. ഒരു ആദ്ധ്യാത്മിക നേതാവ് എന്നതിലുപരി ഇന്ത്യാ - ചൈന യുദ്ധകാലത്ത് രാജ്യം പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോൾ രാജ്യരക്ഷാനിധിയിലേക്കു സ്വർണവും പണവും സംഭാവന ചെയ്യാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുകയും സഭയുടെ സമ്പത്തിന്റെ വിഹിതം നൽകുകയും ചെയ്ത രാജ്യസ്‌നേഹിയായിരുന്നു അദ്ദേഹം. നവതിയാഘോഷച്ചടങ്ങ് നൽകുന്ന സന്ദേശം സമാധാനത്തിന്റേയും സ്‌നേഹത്തിന്റേതുമാണെന്നും ഗവർണർ പറഞ്ഞു.
കാത്തോലിക്കേറ്റ് അസിസ്റ്റന്റ് ഡോ. മാത്യൂസ് മാർ സേവേറിയോസ് അദ്ധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്താമാരായ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌ക്കോറോസ്, കുര്യാക്കോസ് മാർ ക്ലിമ്മിസ്, ഗീവർഗീസ് മാർ കൂറിലോസ്, തോമസ് ചാഴികാടൻ എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.