കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഉച്ചകഴിഞ്ഞ് 3.30ന് സെന്റ് മേരീസ് പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത ജോസഫ് പെരുന്തോട്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ ഡോ. ജോസഫ് മുണ്ടകത്തിൽ ആമുഖപ്രഭാഷണം നടത്തും. എം.പിമാരായ തോമസ് ചാഴിക്കാടൻ, ജോസ് കെ.മാണി, കെ. സുരേഷ് കുറുപ്പ് എം.എൽ.എ തുടങ്ങിയവർ പ്രസംഗിക്കും. പാവപ്പെട്ട കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം, സാഹിത്യ സാംസ്കാരിക ചലച്ചിത്ര സമ്മേളനങ്ങൾ, പൂർവാദ്ധ്യാപക- വിദ്യാർത്ഥി സംഗമം, സംസ്ഥാനതല ക്വിസ് മത്സരം, ശതാബ്ദി സ്മാരക ഡോക്യുമെന്ററി ഫിലിം നിർമാണം, സിമ്പോസിയങ്ങൾ, സെമിനാറുകളും, കലാകായിക മത്സരങ്ങൾ തുടങ്ങി ഒരുവർഷം നീണ്ടുനിൽക്കുന്ന നിരവധി സാമൂഹ്യക്ഷേമ പദ്ധതികൾക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്.