കോട്ടയം: പെൻഷൻ തുക ബാങ്കിൽ നിന്ന് എടുത്ത് വീട്ടിലേക്ക് പോകുകയായിരുന്ന 76കാരിയുടെ ബാഗ് തട്ടിയെടുത്ത രണ്ടംഗ സംഘം പിടിയിൽ. അയ്മനം മുട്ടേൽ കോളനിയിൽ ജയരാജ് (23), ഇയാളുടെ പ്രായപൂർത്തിയാകാത്ത കൂട്ടുകാരനുമാണ് അറസ്റ്റിലായത്. കോട്ടയം വെസ്റ്റ് സി.ഐ എം.ജെ.അരുൺ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവർ ചേർന്ന് അയ്മനത്ത് വീടിനു സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അയ്മനം കണ്ണംപള്ളിൽ അന്നമ്മ മാത്യുവിന്റെ ബാഗാണ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്ത് സ്ഥലം വിട്ടത്. ബാഗിൽ 11,000 രൂപ ഉണ്ടായിരുന്നതായി അന്നമ്മ പറഞ്ഞു. അയ്മനം എസ്.ബി.ഐ ശാഖയിൽനിന്ന് പണവുമെടുത്ത് ഇറങ്ങിയ അന്നമ്മ പള്ളിക്കവലയിൽ ബസ് ഇറങ്ങി. തുടർന്ന് വീട്ടിലേക്ക് നടന്നുപോവുന്നതിനിടയിലാണ് പിറകിൽ നിന്ന് ബൈക്കിലെത്തിയ ഇവർ ബാഗ് തട്ടിയെടുത്തത്.
വിവരം അറിഞ്ഞ് കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഇവരുടെ വീടുകളിലെത്തി. പക്ഷേ, അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടയിൽ വീടിനുസമീപമുള്ള കുറ്റിക്കാട്ടിൽ അനക്കംകേട്ട് നോക്കിയപ്പോഴാണ് പ്രതികൾ രണ്ടുപേരും ഒളിച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് ഇരുവരെയും കൈയ്യോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.