കറുകച്ചാൽ : ചങ്ങനാശേരി - വാഴൂർ, കറുകച്ചാൽ - മണിമല റോഡുകളിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വാഴൂർ റോഡിൽ മൂലേപീടിക വളവിൽ അപകടം നടന്നത്. കറുകച്ചാലിൽ നിന്ന് വാഴൂർ റോഡിലേക്കു പോയ കാറും എതിർ ദിശയിൽ നിന്ന് എത്തിയ ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ബൈക്ക് യാത്രികന് നിസാര പരിക്കേറ്റു. കറുകച്ചാൽ- മണിമല റോഡിൽ നെടുമണ്ണിക്കു സമീപമുള്ള വളവിൽ ബസും കാറും കൂട്ടിയിടിച്ചു. കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. നെടുംകുന്നം പള്ളിയിലാണ് പിന്നീടുണ്ടായ അപകടം. ബൈക്ക് നിയന്ത്രണംവിട്ട് എതിരെവന്ന കാറിലിടിച്ച് ബസിനടിയിലേക്ക് കയറുകയായിരുന്നു. നെടുംകുന്നം വെള്ളാപ്പള്ളി കോളനി സ്വദേശി ജ്യോതിൻ (24) ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ബൈക്കു യാത്രികൻ മദ്യലഹരിയിലായിരുന്നു. സംഭവത്തിൽ കറുകച്ചാൽ പൊലീസ് കേസ് എടുത്തു. അമിതവേഗതയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.