കറുകച്ചാൽ : ഒരിറ്റ് വെള്ളം പോലും കിട്ടിയില്ലെങ്കിലും മാസം മാസം കൃത്യമായി വാടക നൽകണം. പൈപ്പ് പൊട്ടി വഴിനീളെ ലിറ്റർ കണക്കിന് വെള്ളം പാഴായിപ്പോകുന്നതാകട്ടെ ആരും കാണുന്നുമില്ല. ജാംബവാന്റെ കാലത്തെ ഈ പൈപ്പൊക്കെയൊന്ന് മാറ്റിയാൽ തന്നെ പകുതി പ്രശ്നം തീരും. പക്ഷെ ആര് ചെയ്യും ? വേനൽ കടുത്തതോടെ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ നിവാസികളുടെ ആധിയും ഏറുകയാണ്.

ജലവിതരണ വകുപ്പ് കറുകച്ചാൽ സെക്ഷൻ ഓഫീസിന് കീഴിലുള്ള പ്രദേശത്ത് പൊതുടാപ്പുകൾ പലതും നിർജീവമാണ്. നവംബർ കഴിഞ്ഞാൽ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്. ജലവിതരണ വകുപ്പിന്റ പൈപ്പുലൈനുകളും പൊതുടാപ്പുകളും പഞ്ചായത്തുകളിലുടനീളം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഫലപ്രദമല്ല. പൊതുടാപ്പുകൾക്കായി ഓരോ പഞ്ചായത്തുകളും വൻ തുകയാണ് ഓരോ മാസവും അടയ്ക്കുന്നത്. പൊതുടാപ്പുകളിൽ 70 ശതമാനത്തിലേറെ കാലപ്പഴക്കത്താൽ നശിച്ചു. മാസത്തിൽ ഒന്നോരണ്ടോ തവണ മാത്രമാണ് ഇപ്പോൾ മിക്ക പ്രദേശങ്ങളിലും വെള്ളം എത്തുന്നത്. റോഡുകളുടെ അടിയിലൂടെ പോകുന്ന മിക്ക പൈപ്പുകളും നശിച്ചതാണ്. വെള്ളം ഒഴുകി റോഡുകൾ തകരുന്നതും പതിവാണ്.

പാഴാകുന്നത്

ലക്ഷങ്ങൾ

വർഷം തോറും ലക്ഷക്കണക്കിന് രൂപയാണ് ഓരോ പഞ്ചായത്തും കുടിവെള്ളത്തിനായി മുടക്കുന്നത്. കറുകച്ചാൽ പഞ്ചായത്ത് 221 പൊതു ടാപ്പുകൾക്ക് ഒരുമാസം 96688 രൂപയും, നെടുംകുന്നത്ത് 88 പൊതുടാപ്പുകൾക്ക് 38016 രൂപയും, കങ്ങഴ പഞ്ചായത്ത് 152 ടാപ്പുകൾക്കായി 67375 രൂപയുമാണ് അടയ്ക്കുന്നത്. ഇത്രയും വലയി തുക മുടക്കിയിട്ടും പ്രദേശത്തേക്ക് ആവശ്യമായ വെള്ളം വിതരണം ചെയ്യാൻ ജലവിതരണ വകുപ്പിന് കഴിയുന്നില്ല എന്നതാണ് ഖേദകരം.