കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നവർ ഇനി ക്യൂ നിന്നും വരാന്തയിൽ തളർന്നിരുന്നും വിശ്രമിക്കാനിടമില്ലാതെ ബുദ്ധിമുട്ടേണ്ട. ആധുനിക സൗകര്യങ്ങോടെയുള്ള ഒ.പി വിഭാഗങ്ങൾ അടുത്തയാഴ്ച പ്രവർത്തനം തുടങ്ങും. ആർദ്രം പദ്ധതിയിൽപ്പെടുത്തി വിവിധ വകുപ്പുകളിലെ ഒ.പി വിഭാഗങ്ങളുടെ നവീകരണമാണ് പൂർത്തിയാക്കിയത്. കൂട്ടിരിപ്പുകാരും രോഗികളും അടക്കം ആറായിരത്തോളം പേർ ദിവസവുമെത്തുന്ന ആശുപത്രിയിൽ അതിന്റെ പത്ത് ശതമാനം ആളുകളെ ഉൾക്കൊള്ളാനുള്ള സൗകര്യം പോലും ഒ.പി വിഭാഗങ്ങൾക്കില്ലായിരുന്നു. ആധുനിക ഒ.പികൾ സജീവമാകുന്നതോടെ ഈ ബുദ്ധിമുട്ടിനും പരിഹാരമാകും. പഴയ അത്യാഹിത വിഭാഗം, ഹൃദ്രോഗ വിഭാഗത്തിലെ വരാന്ത തുടങ്ങിയ ഇടങ്ങളാണ് നവീകരിച്ചത്. പഴയ അത്യാഹിത വിഭാഗം ഇനി ഓർത്തോ, സർജറി ഒ.പിയാകും. ഈ കെട്ടിടത്തിന്റെ താഴത്തെ നില നവീകരിച്ച് അന്വേഷണ വിഭാഗം, ഓർത്തോ ഒ.പി, സർജറി ഒ..പി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
സൗകര്യങ്ങൾ
ഹൃദ്രോഗ വിഭാഗത്തിൽ 200 പേർക്കുള്ള വിശ്രമ കേന്ദ്രം സ്ഥാപിച്ചു
ഗൈനക്കോളജി ഒ.പി യിൽ 150 പേർക്കുള്ള ആധുനിക വിശ്രമ കേന്ദ്രം
കാൻസർ ചികിത്സാ വിഭാഗത്തിൽ വിശാലമായ വിശ്രമകേന്ദ്രം
കുട്ടികളുടെ ആശുപത്രിയിൽ 20 ലക്ഷം മുടക്കി വിപുലമായ ഒ.പി
ഇനി നടക്കാനുള്ളത്
പഴയ അത്യാഹിത വിഭാഗത്തിന്റെ 1, 2 നിലകളിലെ ഒ.പി വിഭാഗങ്ങൾ നവീകരിക്കും.ഒന്നാം നിലയിൽ മെഡിസിൻ വിഭാഗം സ്ഥാപിക്കും. ഇപ്പോഴുള്ള റെഡ്‌ക്രോസ് കൗണ്ടർ, ബ്ലഡ് കൗണ്ടർ എന്നിവ മാറ്റും. ഇവിടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശാലമായ വിശ്രമ കേന്ദ്രം.രണ്ടാം നിലയിൽ ത്വക്ക് രോഗം, ഇ.എൻ.ടി, നേത്രരോഗ വിഭാഗം. സ്‌പെഷ്യലിറ്റി ഒ.പികൾ
ചെലവ് 12 കോടി
അവസാന ഘട്ട ജോലികൾ ഉടനെ പൂർത്തിയാക്കും. ഉപകരണങ്ങളെല്ലാം സജ്ജമാക്കി. നവീകരിച്ച ഒ.പികളുടെ ഉദ്ഘാടനം ആറിന് മന്ത്രി ശൈലജ നിർവഹിക്കും.
- ഡോ. ടി.കെ.ജയകുമാർ, സൂപ്രണ്ട്