കോട്ടയം: എം.ജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗവർണർ ആരീഫ് മുഹമ്മദ് ഖാന് പരാതി നൽകാനെത്തിയ ദളിത് വിദ്യാർത്ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശി ദീപ പി. മോഹനെയാണ് ഗവർണറെത്തും മുമ്പ് കസ്റ്റഡിയിലെടുത്തത്. ദളിത് വിദ്യാർത്ഥിയായതിനാൽ ഗവേഷണം പൂർത്തിയാക്കാൻ വൈസ് ചാൻസലർ സാബതോമസ് ലാബ് സൗകര്യമടക്കമുള്ളവ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെടാനാണ് ദീപയെത്തിയത്. ഗവർണറെ കാണാൻ കാത്തിരിക്കുമ്പോഴാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്നും ദീപ പറഞ്ഞു.
സാബു തോമസ് മേധാവിയായിരുന്ന നാനോ ടെക്‌നോളജി വകുപ്പിൽ 10 വർഷമായി ഗവേഷണം നടത്തുകയാണ് ദീപ മോഹൻ. അതിനിടെ എം.ജി സർവകലാശാലയിൽ സംവാദത്തിനെത്തിയ ഗവർണർക്കെതിരെ കെഎസ്.യു പ്രവർത്തകർ പ്രതിഷേധിച്ചു. കരിങ്കൊടി കാണിക്കാനൊരുങ്ങിയ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസിനെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡയിലെടുത്തു. ഗവർണറുടെ സന്ദർശനത്തെ തുടർന്ന് എം.ജി സർവകലാശാലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.