കോട്ടയം : വേനൽ കടുത്തതോടെ ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും നദികളും വറ്റിവരണ്ടതോടെ മലയോരനിവാസികൾ ബുദ്ധിമുട്ടിലാണ്. പൈപ്പ്‌ലൈൻ വഴിയുള്ള ശുദ്ധജല വിതരണം കാര്യക്ഷമമല്ല. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കണമെന്ന ആവശ്യവും അധികൃതർ ചെവിക്കൊള്ളുന്നില്ല. കാലപ്പഴക്കം ചെന്ന പൈപ്പ്‌ലൈനുകൾ പല ഭാഗങ്ങളിലും പൊട്ടുന്നതും തിരിച്ചടിയാവുന്നു.കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതോടെ കുടിവെള്ള വിതരണ മാഫിയയും പിടിമുറുക്കുകയാണ്. പടിഞ്ഞാറൻ പ്രദേശങ്ങളിലും കിഴക്കൻമേഖലയിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുടിവെള്ള പദ്ധതികൾ പലതുണ്ടെങ്കിലും ജനങ്ങൾക്ക് പ്രയോജനമൊന്നുമില്ല. ഉഴവൂർ, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, കടുത്തുരുത്തി, മാഞ്ഞൂർ, ഞീഴൂർ പഞ്ചായത്തുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്.