വൈക്കം : ഇനിയും പുഴ ഒഴുകട്ടെയെന്ന് സർക്കാർ... അന്ധകാരത്തോടിന് പുതിയ പ്രതീക്ഷ.
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നാട്ടുതോടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഏറ്റെടുത്ത് പുനരുജ്ജീവിപ്പിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയാണ് 'ഇനി ഞാനൊഴുകട്ടെ'. ക്ഷേത്ര നഗരിയിലെ മാലിന്യവാഹിനിയായ അന്ധകാരത്തോട് പദ്ധതിയിൽ ഇടം നേടിയത് നഗരവാസികൾക്ക് പ്രതീക്ഷ നൽകുകയാണ്. നഗരഹൃദയത്തിലൂടെ കടന്നു പോകുന്ന അന്ധകാരത്തോട് നഗരത്തിന് കളങ്കമായി മാറിയിട്ട് പതിറ്റാണ്ടുകളായി. നഗരത്തിന്റെ തെക്കും വടക്കുമായി വേമ്പനാട്ട് കായലിൽ ചേരുന്ന രണ്ട് തോടുകളുണ്ട്. തെക്ക് കെ.വി.കനാലും വടക്ക് കണിയാംതോടും. ഈ തോടുകളെ ബന്ധിപ്പിച്ചാണ് പണ്ട് അന്ധകാരത്തോട് ഒഴുകിയിരുന്നത്. കായലിന്റെ ഏറ്റ, ഇറക്കങ്ങളിൽ അന്ധകാരത്തോടിലൂടെ അന്ന് വെള്ളം കയറിയിറങ്ങിയിരുന്നു. പക്ഷേ കാലക്രമേണ കൈയേറ്റങ്ങളുടെ ഫലമായി അന്ധകാരത്തോടിന്റെ പല ഭാഗങ്ങളും നികന്ന് ഇല്ലാതായി. അവിടൊക്കെ കെട്ടിടങ്ങൾ വരെ വന്നു. ബസ് സ്റ്റാന്റ് - വലിയകവല റോഡിന് സമീപം മുതൽ കൊച്ചുകവല - കൊച്ചാലുംചുവട് റോഡ് വരെയാണ് പൂർണ്ണമായും തോട് അപ്രത്യക്ഷമായത്. എന്നാൽ റവന്യൂ രേഖകളിൽ ഇപ്പോഴും തോട് അതേപോലെ തന്നെയുണ്ട്. വൈക്കം, നടുവിലെ വില്ലേജുകളുടെ അതിർത്തിയായി നിശ്ചയിച്ചിരിക്കുന്നതും അന്ധകാരത്തോടാണ്.
നഗരസഭ പല കാലങ്ങളിൽ അന്ധകാരത്തോട് ശുചീകരണ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും ഫലപ്രദമായിരുന്നില്ല. പിന്നീട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്ന് എം. എൽ. എ. ആയിരുന്ന കെ.അജിത്തിന്റെ ശ്രമഫലമായി അന്ധകാരത്തോട് നവീകരണത്തിന് 2.75 കോടി രൂപ നബാർഡ് വഴി അനുവദിച്ചു. തോടിന്റെ വശങ്ങളും അടിത്തട്ടും കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കുകയും കായലിലേക്ക് നീരൊഴുക്ക് ഉണ്ടാകുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പക്ഷേ അന്ന് തുടങ്ങിയ പദ്ധതി ഇതേ വരെ പൂർത്തീകരിക്കപ്പെട്ടിട്ടില്ല. നിർമ്മാണം നടത്തിയ ഭാഗങ്ങളെല്ലാം മാലിന്യം നിറഞ്ഞ്, കാട് മൂടി പഴയതിലും പരിതാപകരമായ അവസ്ഥയിലുമായി. അന്ധകാരത്തോടിന്റെ കൈയേറ്റം ചെയ്യപ്പെട്ട ഭാഗങ്ങൾ വീണ്ടെടുത്ത് തോട് പുനരുജ്ജീവിപ്പിക്കണമെന്ന് ഇതു സംബന്ധിച്ച പൊതു താത്പര്യ ഹർജിയിന്മേൽ അടുത്തകാലത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നഗരസഭയ്ക്കും വില്ലേജ് അധികൃതർക്കുമായിരുന്നു ചുമതല. അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഫലപ്രദമായ നടപടിയൊന്നുമുണ്ടായില്ല. പകരം കോടതിയലക്ഷ്യ നടപടികളിൽ നിന്ന് രക്ഷ നേടാനുള്ള താത്ക്കാലിക മാർഗ്ഗങ്ങൾ തേടുകയാണ് അധികൃതർ ചെയ്തത്.
അന്ധകാരത്തോടിന് സമീപം ജനജീവിതം അനുദിനം ദുസഹമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 'ഇനി ഞാനൊഴുകട്ടെ' പദ്ധതിയിൽ സർക്കാർ അന്ധകാരത്തോടിനെ ഉൾപ്പെടുത്തിയത്.
എൻ.അനിൽ ബിശ്വാസ്
(നഗരസഭ കൗൺസിലർ, മുൻ ചെയർമാൻ)
അന്ധകാരത്തോടിന് സമീപം ജനജീവിതം അതീവ ദുഷ്ക്കരമായി തീർന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം പലരും ഇവിടെ നിന്ന് താമസം മാറി പോകുന്ന സാഹചര്യമാണുള്ളത്. നീരൊഴുക്ക് സുഗമമാക്കുന്നതിനായി രണ്ട് പാലങ്ങൾ കൂടി പൊളിച്ചു നീക്കി തോടിന്റെ വീതിയിൽ പുനർനിർമ്മിക്കേണ്ടതുണ്ട്.
അവലോകനയോഗം ചേർന്നു
'ഇനി ഞാനൊഴുകട്ടെ' പദ്ധതിയിൽ അന്ധകാരത്തോടിനെ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ തുടർ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനായി തോടിന്റെ ഇരുകരകളിലുമുള്ളവരെ ഉൾപ്പെടുത്തി നഗരസഭ അവലോകനയോഗം ചേർന്നു. വ്യാപാരഭവനിൽ ചേർന്ന യോഗം ചെയർമാൻ പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. എൻ.അനിൽ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആർ.സന്തോഷ് സ്വാഗതം പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്ധകാരത്തോട് നവീകരണത്തിന് 2.75 കോടി രൂപ നബാർഡ് വഴി അനുവദിച്ചു. തോടിന്റെ വശങ്ങളും അടിത്തട്ടും കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കുകയും കായലിലേക്ക് നീരൊഴുക്ക് ഉണ്ടാകുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പക്ഷേ അന്ന് തുടങ്ങിയ പദ്ധതി ഇതേ വരെ പൂർത്തീകരിക്കപ്പെട്ടിട്ടില്ല.