സർവകലാശാലകളുടെ സ്വയംഭരണം നിലനിറുത്താൻ ഇടപെടും
കോട്ടയം: കേരളത്തിലെ സർവകലാശാലകളിലെ നിലവാരത്തകർച്ചയ്ക്ക് കാരണം രാഷ്ടീയ ഇടപെടലെന്ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമ വിവാദത്തിൽ സംസ്ഥാനത്ത് ഭരണ- പ്രതിപക്ഷ കക്ഷികളുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ, ഇന്നലെ എം.ജി സർവകലാശാലാ സിൻഡിക്കേറ്റ് ഫാക്കൽറ്റി അംഗങ്ങളുമായി നടത്തിയ സംവാദത്തിലായിരുന്നു വിമർശനം.
രാഷ്ടീയക്കാർ എന്തിന് സർവകലാശാലകളിൽ ഇടപെടുന്നു. അവർക്ക് വേറെ പണിയുണ്ടല്ലോ. സർവകലാശാലകളുടെ സ്വയംഭരണം വൈസ് ചാൻസലർമാർ നിലനിറുത്തണം. രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി ചട്ടവും നിയമവും ലംഘിച്ചു പ്രവർത്തിക്കരുത്. തങ്ങൾക്ക് മേൽ അമിത സമ്മർദ്ദം ചെലുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതു തടയാൻ വി. സിമാർ നടപടിയെടുക്കണം.ബാഹ്യ ഇടപെടലുകളാണ് സർവകലാശാലകളിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ എന്നോട് പറഞ്ഞു. തീരുമാനങ്ങളെടുക്കാനാവുന്നില്ലെങ്കിൽ തന്നെ അറിയിക്കണം. ചാൻസലറെന്ന നിലയിൽ സർവകലാശാലകളുടെ സ്വയംഭരണം നില നിറുത്താൻ താൻ ഏതറ്റം വരെയും പോകും. അധികാരം ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ ഇടപെടും.
കേരളത്തിലെ സർവകലാശാലകളിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ അവമതിപ്പുണ്ടാക്കി. ലോകത്തിന് മുന്നിൽ സർവകലാശാലകളുടെ ഇമേജ് മോശമായി. വിദ്യാർത്ഥി യൂണിയനുകൾ തൊഴിലാളി സംഘടനകൾ പോലാകരുത്. നയരൂപീകരണത്തിൽ മുന്നണിപ്പോരാളികളാകണം. ജീവനക്കാരുടെ സംഘടനകളും ക്രിയാത്മകമായി പ്രവർത്തിക്കണം. വിദ്യാർത്ഥികൾ കാര്യസാദ്ധ്യത്തിനായി സർവകലാശാലകൾ കയറി നടന്നു മടുക്കുന്നു. സമയത്ത് പരീക്ഷ നടത്താനോ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനോ ബിരുദ സർട്ടിഫിക്കറ്റ് നൽകാനോ കഴിയുന്നില്ല. ഈ സ്ഥിതി മാറണം- ഗവർണർ പറഞ്ഞു. എം.ജി വൈസ് ചാൻസലർ ഡോ.സാബു തോമസ്, പി.വി.സി അരവിന്ദകുമാർ എന്നിവരും സംസാരിച്ചു.