കോട്ടയം: മുൻകൂട്ടി അറിയിക്കാതെ ഇന്നലെ എം.ജി സർവകലാശാലാ ആസ്ഥാനത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവിടെ നടക്കുകയായിരുന്ന സംവാദത്തിൽ പങ്കെടുത്ത് വൈസ് ചാൻസലറെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ രൂക്ഷമായി വിമർശിച്ചു. മാന്നാനത്ത് ഒരു സ്വകാര്യ പരിപാടിക്കു ശേഷം ഗവർണർ സർവകലാശാലയിലെത്തുകയായിരുന്നു.
ക്ഷണമില്ലാതെ ഗവർണർ നേരിട്ട് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത് ഇതാദ്യമാണ്.
രാഷ്ടീയക്കാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ നട്ടെല്ലുയർത്തിപ്പിടിക്കണമെന്ന് വേദിയിലിരുത്തി വൈസ് ചാൻസലറോട് പറയാതെ പറഞ്ഞു ഗവർണർ. 'വൈസ് ചാൻസലർ നല്ലയാളാണ്. എന്നാൽ ബാഹ്യ ഇടപെടൽ നിയന്ത്രിക്കാൻ കഴിവില്ല. ആര് ഇടപെട്ടാലും ചട്ടവും നിയമവുമനുസരിച്ച് പ്രവർത്തിക്കണം. രാഷ്ടീയ ഇടപെടൽ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ എന്നെ അറിയിച്ചാൽ ഇടപെടാം. സർവകലാശാലയുടെ പരമാധികാരം നിലനിറുത്താൻ ഏതറ്റം വരെയും പോകും. മാർക്കു കൂട്ടി നൽകാൻ അദാലത്തു നടത്തിയത് നിയമപരമല്ല. പുറത്തു നിന്നുള്ളവർ പങ്കെടുത്തത് ചട്ടവിരുദ്ധമാണ്"- ഗവർണർ പറഞ്ഞു.
സംവാദത്തിൽ ആദ്യം മാദ്ധ്യമ പ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ പിന്നീട് പ്രവേശനം നൽകുകയായിരുന്നു .
എം.ജി സിൻഡിക്കേറ്റിന്റെ മാർക്കു ദാനം വഴി ബി.ടെക് വിജയിച്ച 118 വിദ്യാർത്ഥികളുടെ ബിരുദം ചട്ടം ലംഘിച്ച് സിൻഡിക്കേറ്റ് റദ്ദാക്കിയത് വിവാദമായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചവരോട് നേരിട്ടു പരാതി നൽകാൻ ഗവർണർ നിർദ്ദേശിച്ചിരുന്നു. സർവകലാശാലയും വിദ്യാർത്ഥികൾക്ക് മെമ്മോ നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഗവർണറുടെ സന്ദർശനത്തിന് ഗൗരവമേറെയാണ്.
അതേസമയം, എല്ലാ സിൻഡിക്കേറ്റ്, ഫാക്കൽറ്റി അംഗങ്ങളും സർവകലാശാലയിൽ ഇന്നലെ ഉണ്ടാവണമെന്ന് ഗവർണറുടെ ഓഫീസ് നിർദ്ദേശിച്ചിരുന്നതായും അറിയുന്നു. ഒരു മണിക്കൂറിലേറെ സർവകലാശാലയിൽ ചെലവഴിച്ച ഗവർണർ മാർക്കുദാന വിവാദം ഇവരുമായി സംസാരിച്ചാണ് മടങ്ങിയത്.