പാലാ: പാഠം ഒന്ന്; വെയിലിൽ ചൂടാൻ പാളത്തൊപ്പി; ചെടി നനയ്ക്കാൻ ചിരട്ടപ്പാത്രം..... കൃഷിയേയും പ്രകൃതിയേയും അടുത്തറിയുകയാണ് അരുണാപുരം ഗവ. എൽ.പി. സ്‌കൂളിലെ കൊച്ചു കൂട്ടുകാർ ..... പാഠ്യവഴിയിൽ നൂറ്റാണ്ടും പിന്നിട്ട് അറിവിന്റെ വെളിച്ചമേകുന്ന അരുണാപുരം ഗവ. എൽപി സ്‌കൂളിൽ കൃഷിയോടും പ്രകൃതിയോടും ചേർന്നുള്ള ജീവിത പഠനങ്ങൾക്ക് കുട്ടികൾക്ക് പരിശീലനം നൽകുകയാണ് അധ്യാപകർ. ഇതിന്റെ ഭാഗമായി സ്‌കൂൾ പരിസരത്ത് വിശാലമായ പച്ചക്കറി കൃഷിയും ഒരുക്കിയിട്ടുണ്ട്. പാളത്തൊപ്പി ധരിച്ചാണ് കുട്ടികൾ വെയിലിനെ നേരിടുന്നത്. ചെടികൾ നനയ്ക്കാൻ പാളയും ചിരട്ടയും. കളിസമയങ്ങളിൽ മുൻ തലമുറകൾക്ക് ഹരമായിരുന്ന ഓലപ്പന്തുകളും കുട്ടികൾ ഉപയോഗിക്കുന്നുണ്ട്. ഈറ്റകൊണ്ടുള്ള പെൻ സ്റ്റാൻഡും ചിരട്ട ഉപയോഗിച്ചുള്ള പൂക്കൂടയും അരുണാപുരം സ്‌കൂളിന്റെ മാത്രം സവിശേഷത. പ്ലാസ്റ്റിക്കിനെ പൂർണമായും സ്‌കൂളിൽ നിന്ന് പമ്പകടത്താനാണ് തീരുമാനം. ലിസമ്മ ജോസഫാണ് പരിപാടിയ്ക്ക് ചുക്കാൻ പിടിക്കുന്നത്. ഹെഡ്മാസ്റ്റർ ഷിബുമോൻ ജോർജ്ജിന്റെ നേതൃത്വത്തിൽ അധ്യാപകരായ ലിസമ്മ ജോസഫ്, ജെസി തോമസ്, ഷൈനി, രഞ്ജിത, ഷീജ എന്നിവരും പിടിഎ പ്രസിഡന്റ് പി.കെ. ബെന്നിയും പദ്ധതിക്ക് കരുത്തായി മുന്നിലുണ്ട്.