കോട്ടയം: സർവകലാശാലകളിൽ യഥാർത്ഥ സ്വയംഭരണം സാദ്ധ്യമാക്കുന്നതിന് നിയമപരമായ എല്ലാ അധികാരങ്ങളും വിനിയോഗിക്കുമെന്ന് ഗവർണറും ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ സിൻഡിക്കേറ്റംഗങ്ങളുമായും അദ്ധ്യപകരുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
സർവകലാശാലകളെ രാജ്യാന്തരനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ളശ്രമങ്ങളാണ് നടത്തുന്നത്. വൈസ് ചാൻസലർമാരെ ശക്തിപ്പെടുത്താനും സർവകലാശാലകളിൽ യഥാർത്ഥസ്വയംഭരണം സാദ്ധ്യമാക്കാനുമാണ് ശ്രമം. സ്റ്റാറ്റ്യൂട്ടും നിയമവുമനുസരിച്ച് പ്രവർത്തിക്കാനാണ് എല്ലാ വൈസ് ചാൻസലർമാർക്കും നിർദേശം നൽകിയിട്ടുള്ളത്. ഇതിനു വിഘാതമാകുന്ന വിഷയങ്ങൾ ചാൻസലറുടെ പരിഗണനയ്ക്ക് വിടാം. പ്രശസ്തമായ സ്ഥാപനങ്ങളിൽനിന്ന് ബിരുദം നേടിയെത്തുന്ന യുവജനങ്ങൾ തുല്യത സർട്ടിഫിക്കറ്റിനായി മാസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങുന്നത് അംഗീകരിക്കാനാവില്ല. മഹാത്മാഗാന്ധി സർവകലാശാലയുടെ നേട്ടങ്ങൾ ശ്രദ്ധേയമാണ്. വൈസ്ചാൻസലർ പ്രൊഫ. സാബു തോമസ് രാജ്യത്തിനു തന്നെ അഭിമാനമായ പ്രമുഖശാസ്ത്രജ്ഞനാണെന്നും അദ്ദേഹത്തിന്റെ കഴിവിൽ പൂർണവിശ്വാസമുണ്ടെന്നും ഗവർണർ പറഞ്ഞു.
അദ്ധ്യാപകർ ഉന്നയിച്ച വിവിധ വിഷയങ്ങളിൽ ഗവർണർ മറുപടി നൽകി. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രോ വൈസ്ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ, രജിസ്ട്രാർ പ്രൊഫ. കെ. സാബുക്കുട്ടൻ എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു.
സ്‌കൂൾ ഒഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിലെ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജിയിലെ വിവിധ ലാബുകളും അന്തർ സർവകലാശാല ജൈവസുസ്ഥിര കൃഷികേന്ദ്രത്തിന്റെ ജൈവകൃഷിയിടവും ഗവർണർ സന്ദർശിച്ചു. രാവിലെ 11.30ന് സർവകലാശാലകാമ്പസിലെത്തിയ ഗവർണർ 1.45നാണ് മടങ്ങിയത്.